റിനോയ് കല്ലൂര്‍ – അശ്വിന്‍ ജോസ് സിനിമയായ ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നു പാടിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മേലേ മാനത്ത് നീയേ മടിയില്‍…’ എന്ന ഗാനത്തിന് ജോ പോള്‍ വരികളെഴുതി ദീപക് രവി സംഗീതം പകര്‍ന്നിരിക്കുന്നു. നാല് കുഞ്ഞന്‍ സിനിമകള്‍ കോര്‍ത്തുവെച്ച ഒരു ആന്തോളജി ഘടനയിലുള്ള ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന സിനിമയില്‍ സങ്കീര്‍ത്തനങ്ങള്‍, വസൂരി, മൈ ബാല്‍ക്കണി, ടോമി എന്നീ ഷോര്‍ട്ട് ഫിലിമുകളാണുള്ളത്. ചൈതന്യ പ്രകാശാണ് ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നത്. മനസ്സ് കവരുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ഇന്ദ്രന്‍സ് പി.കെ അരവിന്ദന്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരിക്കുന്നു. ലാല്‍, അല്‍ത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോന്‍, മേഘനാഥന്‍, പ്രമോദ് വെളിയനാട്, സുനില്‍ സുഗത, കലാഭവന്‍ റഹ്മാന്‍, മിഥുന്‍ എം ദാസ്, തുഷാര പിള്ള, മാസ്റ്റര്‍ ദര്‍ശന്‍ മണികണ്ഠന്‍, റീന മരിയ, അര്‍ജുന്‍ ഗോപാല്‍, വര്‍ഷ സൂസന്‍, കുര്യന്‍, സുപര്‍ണ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.