മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യിലെ വീഡിയോ ഗാനം പുറത്ത്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയില്‍ കാണാം. പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ‘കണ്ണില്‍ കണ്ണില്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയന് ആണ്. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന് ആണ്. ഡോ.നൂറ അല്‍ മര്‍സൂഖിയാണ് ഗാനത്തിന്റെ അറബിക് വെര്ഷന് എഴുതിയിരിക്കുന്നത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം 7 ഭാഷകളിലായാണ് ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു. സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിജയ്യുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ച് ‘അറബിക് കുത്ത്’ എന്ന ഗാനം. സിനിമ റിലീസ് ചെയ്ത് ആറ് മാസങ്ങള്‍ക്കിപ്പുറം പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഗാനം. ഇതുവരെ 300 മില്യണിലധികം കാഴ്ചക്കാരെയാണ് ‘അറബിക് കുത്ത്’ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ആഗോളതലത്തിലുള്ള കണക്കാണിത്. നേരത്തെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാര്‍ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ധനുഷ് നായകനായ മാരി 2വിലെ ‘റൗഡി ബേബി’ എന്ന ഗാനത്തിന്റെ റെക്കോര്‍ഡാണ് അറബി കുത്ത് മറികടന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ ‘വാത്തി കമിങ്ങ്’ എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത്.
നാഷനല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷനല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്ര വിതരണം ഒക്ടോബര്‍ 17ന് ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള എന്‍സിഡി ഇഷ്യൂ മുഖേന 1500 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം. നിക്ഷേപകര്‍ക്ക് 8.05 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കുന്നതാണ് ഈ കടപ്പത്രങ്ങള്‍. 7.90 ശതമാനം അര്‍ധവാര്‍ഷിക വരുമാനവും വാഗ്ദാനം ചെയ്യുന്നു. നവംബര്‍ ഏഴു വരെയാണ് വില്‍പ്പന. ചുരുങ്ങിയ നിക്ഷേപ തുക 10000 രൂപയാണ്. 13, 18, 25 എന്നീ വര്‍ഷങ്ങളാണ് നിക്ഷേപ കാലാവധി.
ഉത്സവ സീസണില്‍ യാത്രക്കാര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ പേടിഎം. ഒക്ടോബര്‍ 13 മുതല്‍ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പേടിഎം ഉപഭോക്താക്കള്‍ക്ക് വലിയ തോതിലുള്ള ഡിസ്ക്കൗണ്ട് ആണ് കമ്പനി പ്രഖ്യാപിച്ചു. പ്രമുഖ വിമാന കമ്പനികളായ ഗോ ഫസ്റ്റ്, വിസ്താര, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എന്നിവിമാന കമ്പനികളുമായി സഹകരിച്ചാണ് വിമാന യാത്രയ്ക്കുള്ള ഡിസ്ക്കൗണ്ട് നല്‍കുന്നത്. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന അംഗങ്ങള്‍, സൈനികര്‍, എന്നിവര്‍ക്ക് പ്രത്യേക ഇളവും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ പേടിഎം വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കില്ല. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കും. പേടിഎം വഴി ആഭ്യന്തര വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 18 ശതമാനം വരെയാണ് ഡിസ്ക്കൗണ്ട് അനുവദിക്കുക. രാജ്യാന്തര വിമാനയാത്രയില്‍ 12 ശതമാനം വരെയാണ് ഡിസ്ക്കൗണ്ട്.
സംസ്ഥാനത്ത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി ഇപ്പോള്‍ 2022ലെ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതുപ്രകാരം ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ സെഗ്മെന്റ് ഇവികളും വാങ്ങുമ്പോള്‍ റോഡ് നികുതിയിലും രജിസ്ട്രേഷന് ഫീസിലും 100 ശതമാനം ഇളവ് നല്‍കും. പ്രസ്തുത ഇലക്ട്രിക്ക് വാഹനം ഉത്തര്‍ പ്രദേശില്‍ തന്നെ നിര്‍മ്മിച്ചതാണെങ്കില്‍, ഈ ഇളവ് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് പോലും നീട്ടി നല്‍കും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിന് ഫാക്ടറി ചെലവില്‍ 15 ശതമാനം സബ്സിഡിയും ഉണ്ട്. ഇതനുസരിച്ച് ഒരു വാഹനത്തിന് പരമാവധി 5,000 രൂപ വരെ സബ്ഡിസിയും ലഭിക്കും. ഇലക്ട്രിക് കാര്‍ വാങ്ങുമ്പോള്‍, ആദ്യം വില്‍ക്കുന്ന 25,000 വാഹനങ്ങള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ഉണ്ട് . ഇലക്ട്രിക് ത്രീ വീലറുകള്‍ക്ക്, ആദ്യത്തെ 50,000 യൂണിറ്റുകള്‍ക്ക് 12,000 രൂപ വരെ സബ്സിഡിയുണ്ട്. അതേസമയം ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ 400 യൂണിറ്റുകള്‍ക്ക് 20 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.
പച്ച മനുഷ്യരുടെ ചൂടും ചൂരും വ്യഥകളും പ്രമേയമായ നോവലാണ് ‘ഇരുളാട്ടം’. അരികുവല്‍ക്കരിക്കപ്പെട്ട നിസ്സഹായരായ ആദിവാസികളുടെ കഠിനമായ ജീവിതവഴികള്‍ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഒപ്പം, ജീവിതപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ തീവ്ര ആത്മീയതയ്ക്ക് പുറകെ പോയി അപകടത്തിപ്പെടുന്ന മനുഷ്യരുടെ കഥകളും. ജീവിതത്തിന്റെ കാളിമയില്‍ ദിശയറിയാതെ ഇരുളാട്ടമാടാന്‍ വിധിക്കപ്പെട്ട ആല്‍ബിയും ചെമ്പനും വേലുവും ചിരുതയുമുള്‍പ്പെടെയുള്ള ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കും. ‘ഇരുളാട്ടം’. ജി.എസ് ഉണ്ണിക്കൃഷ്ണന്. വില 199 രൂപ.
ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു പുതിയ തുടക്കത്തിലേയ്ക്കാണ്. അതിനാല്‍ ഒരോ പ്രഭാതവും സന്തോഷമുള്ളതായാലേ ആ ദിവസം ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയു. എന്നാല്‍ നമ്മുടെ ചില പ്രഭാത ശീലങ്ങള്‍ നമ്മുടെ ദിവസത്തെ മാത്രമല്ല ആരോഗ്യത്തെയും നശിപ്പിക്കും. അതില്‍ ഒന്നാണ് അലാറം കേള്‍ക്കുമ്പോള്‍ അത് ഒരു 10 മിനിട്ട് കൂടി നീട്ടി വയ്ക്കുന്നത്. ഇത് ഡോക്ടര്‍മാര്‍ പോലും സമ്മതിക്കുന്നു. ഉറക്കത്തില്‍ ശബ്ദങ്ങള്‍ കേട്ട് ഞെട്ടി ഉണരുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷമാണ്. ഉറക്കം രണ്ട് രീതിയില്‍ തരംതിരിക്കുന്നു. ഒന്ന് എന്‍.ആര്.ഇ.എം (നോണ്‍-റാപ്പിഡ് ഐ മൂവ്മെന്റ്) രണ്ടാമത്തെത് ആര്.ഇ.എം ( റാപ്പിട്ട് ഐ മൂവ്മെന്റ്) ആര്.ഇ.എം ഉറക്കത്തില്‍ നമ്മുടെ ശരീരത്തിന് നല്ല രീതിയില്‍ വിശ്രമം ലഭിക്കുന്നു. നമ്മുടെ ഉറക്കത്തിന്റെ കണക്ക് സാധാരണ ഏകദേശം 90 മിനിട്ട് നീണ്ടുനില്‍ക്കുകയും രാത്രി 4 മുതല്‍ 6 തവണ ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉണര്‍ന്ന ശേഷം അഞ്ച് മിനിട്ട് വീണ്ടും ഉറങ്ങി എണീക്കുന്നത് ആര്.ഇ.എം ഉറക്കത്തെ തടസപ്പെടുത്തുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കും. ആദ്യത്തെ അലാറം അടിയ്ക്കുമ്പോള്‍ തന്നെ ഉണരുന്നതാണ് നല്ലത്. ഉണര്‍ന്ന ഉടന്‍ ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ചിലര്‍ ഉണര്‍ന്ന ഉടന്‍ ചായയോ കാപ്പിയോ കുടിക്കുന്നു. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉണര്‍ന്ന ഉടന്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചു വേണം ദിവസം തുടങ്ങാന്‍.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.38, പൗണ്ട് – 93.16, യൂറോ – 80.46, സ്വിസ് ഫ്രാങ്ക് – 82.54, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.10, ബഹറിന്‍ ദിനാര്‍ – 218.46, കുവൈത്ത് ദിനാര്‍ -265.55, ഒമാനി റിയാല്‍ – 213.96, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.93.