ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു യൂറോപ്പില്‍ നിര്‍മ്മിച്ച ബിഎംഡബ്ല്യു ഐ4 ന്റെ ചില യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു. 2024 ഏപ്രില്‍ 3 നും ഏപ്രില്‍ 26 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ഡാറ്റാബേസ് വ്യക്തമാക്കുന്നു. മോഡലിന്റെ ചേസിസിന്റെ ഒരു ഭാഗത്തെ തകരാറാണ് തിരിച്ചുവിളിയുടെ മുഖ്യ കാരണമെന്നാണ്‌റിപ്പോര്‍ട്ട്. തിരിച്ചുവിളിക്കുന്ന അറിയിപ്പ് അനുസരിച്ച്, ഈ കാലയളവില്‍ നിര്‍മ്മിച്ച യൂണിറ്റുകള്‍ക്ക് പിന്‍ വശത്തെ അംഗത്തില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് വാഹനത്തെ ഘടനാപരമായി അസ്ഥിരമാകാന്‍ ഇടയാക്കും. വാഹനത്തിന്റെ ക്രംപിള്‍ സോണ്‍ ഉള്‍ക്കൊള്ളുന്ന കാറിന്റെ ഘടനയുടെ അവിഭാജ്യ ഘടകമാണ് റിയര്‍ സൈഡ്. ഇത് അപകടത്തില്‍ ചില ആഘാതങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ തകരാറിലായ ഈ വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ യാത്രക്കാര്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. അതേസമയം തിരിച്ചുവിളി വിജ്ഞാപനത്തില്‍ തകരാര്‍ ബാധിച്ച യൂണിറ്റുകളുടെ എണ്ണത്തെക്കുറിച്ചോ ബിഎംഡബ്ല്യു എന്ത് തിരുത്തല്‍ നടപടി സ്വീകരിച്ചുവെന്നോ പറയുന്നില്ല. 2021 മാര്‍ച്ചിലാണ് ഈ മോഡല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ മോഡല്‍ ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഒന്നിലധികം വിപണികളില്‍ വില്‍ക്കുന്നുണ്ട്.