യു.പി.ഐ വഴി 100 രൂപയില്‍ താഴെയുള്ള ഇടപാടുകളെ കുറിച്ച് എസ്.എം.എസ് വഴി ഉപയോക്താക്കളെ അറിയിക്കുന്നത് നിര്‍ത്താനൊരുങ്ങി ബാങ്കുകള്‍. ഇതിനായി റിസര്‍വ് ബാങ്കിനോട് അനുമതി തേടി. യു.പി.ഐ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ ചെറിയ തുകകളുടെ ഇടപാടുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം ഉപയോക്താക്കള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന എസ്.എം.എസുകളുടെ എണ്ണവും കൂടി. ഇതോടെ പലരും വലിയ തുകകളുടെ മെസേജ് പോലും ശ്രദ്ധിക്കാത്ത അവസ്ഥയുണ്ടാകുന്നതായാണ് ബാങ്കുകള്‍ പറയുന്നത്. ചെറിയ തുകകളുടെ ഇടപാടുകളുടെ എണ്ണം നിശ്ചിത പരിധി കഴിഞ്ഞാല്‍ ഇതേ കുറിച്ച് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും. റിസര്‍വ് ബാങ്കാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത്. അതേസമയം, എസ്.എം.എസ് നിര്‍ത്തലാക്കുന്നതിനു മുമ്പ് ബാങ്കുകള്‍ ഉപഭോക്താക്കളുടെ അനുമതി തേടുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഒരു എസ്.എം.എസിന് 0.20 പൈസയാണ് ചെലവ് വരുന്നത്. സാധാരണ ഇത് ഉപയോക്താക്കളില്‍ നിന്നാണ് ഈടാക്കുക. ചില ബാങ്കുകള്‍ ഇത് ഈടാക്കാറുമില്ല. അതേസമയം, ഇ-മെയില്‍ അലേര്‍ട്ടുകള്‍ സൗജന്യമാണ്.
