എസി ഓണാക്കിയിട്ട് രാത്രി കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍ വരളാനും ചൊറിച്ചില്‍, അസ്വസ്ഥത എന്നിവ തോന്നാനും സാധ്യതയുണ്ട്. തണുത്ത കാലാവസ്ഥ ചയാപചയ നിരക്ക് കുറയ്ക്കുന്നത് ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്ക് നയിക്കാം. എസി മുറിയിലെ വരണ്ട വായു ഈര്‍പ്പവും ശരീരത്തിലെ ജലാംശവും നഷ്ടപ്പെടുത്തുന്നത് നിര്‍ജലീകരണത്തിലേക്ക് നയിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ എസിയില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞ ഈര്‍പ്പം ചര്‍മ്മത്തിന്റെ നനവ് നഷ്ടപ്പെടുത്തി വരണ്ട ചര്‍മ്മത്തിലേക്കും ചൊറിച്ചിലിലേക്കും നയിക്കാം. പെട്ടെന്നുണ്ടാകുന്ന താപനില മാറ്റങ്ങളും തണുത്ത, വരണ്ട കാറ്റുമെല്ലാം തലവേദന, സൈനസ് പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കാം. തണുത്ത വരണ്ട കാറ്റ് ശ്വസനാളികളെ അസ്വസ്ഥമാക്കി ആസ്മ, അലര്‍ജി പോലുള്ള പ്രശ്നങ്ങളെ രൂക്ഷമാക്കാം. ശരിക്കും വൃത്തിയാക്കാത്ത എസിയില്‍ നിന്ന് പുറത്ത് വരുന്ന പൊടിയും പൂപ്പലുമെല്ലാം ശ്വാസകോശ അണുബാധ, തൊണ്ട വേദന, ടോണ്‍സിലിറ്റിസ് എന്നിവയ്ക്ക് കാരണമാകാം. എസിയുടെ നിരന്തര ശബ്ദം ചിലര്‍ക്ക് ഉറക്കം തടസ്സപ്പെടുത്താം. ഉറക്കത്തിന്റെ നിലവാരം നഷ്ടപ്പെടാനും ഇത് കാരണമാകാം. കോവിഡ് പോലുള്ള പകര്‍ച്ച വ്യാധികള്‍ എസി മുറിയില്‍ ഒരുമിച്ച് കഴിയുന്നവര്‍ക്കിടയില്‍ എളുപ്പം പടരാം. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യം എസി ഒരുക്കുന്നു.