കുട്ടികളിലെ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതിന് പിന്നില്‍ ഉറക്ക പ്രശ്നങ്ങളും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി നടത്തിയ പഠനം. കുട്ടിക്കാലത്ത് ഉറക്കമില്ലായ്മ ഉള്‍പ്പെടെയുള്ള വിവിധ ഉറക്ക പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ പിന്നീട് ആത്മഹത്യ സ്വഭാവം അല്ലെങ്കില്‍ ആത്മഹത്യ പ്രവണത എന്നിവ പ്രകടിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണലായ ജെഎഎംഎ നെറ്റ് വര്‍ക്ക് ഓപ്പണ്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഒന്‍പതിനും പത്തിനുമിടയില്‍ പ്രായമായ 8,800 കുട്ടികളുടെ ഡാറ്റകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 10-ാം വയസില്‍ ഗുരുതര ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ആത്മഹത്യ ചിന്തകള്‍ക്കും ആത്മഹത്യാ ശ്രമങ്ങള്‍ക്കും 2.7 മടങ്ങ് കുടുതല്‍ അപകട സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. പഠന വിധേയരായ കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ ആത്മഹത്യ ചിന്തകളെ കുറിച്ച് പങ്കുവെച്ചില്ലെങ്കിലും രണ്ട് വര്‍ഷങ്ങള്‍ ശേഷം അടുത്ത ഘട്ടത്തില്‍ ആത്മഹത്യ സ്വഭാവം പ്രകടിപ്പിച്ചയായി ഗവേഷകര്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് പിന്നില്‍ ഉത്കണ്ഠ, വിഷാദം, കുടുംബ പ്രശ്നങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കണക്കിലെടുക്കുമ്പോഴും കുട്ടിക്കാലത്ത് ഉറക്ക പ്രശ്നങ്ങള്‍ നേരിട്ടു എന്ന ഘടകം പൊതുവായി നിലനില്‍ക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. 10നും 14നും ഇടയില്‍ പ്രായമായ കുട്ടികള്‍ മരിക്കുന്നതിന് പ്രധാന കാരണം ആത്മഹത്യയാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.