ചില സ്വപ്നങ്ങള്‍ കണ്ട് ഉറക്കത്തില്‍ കരയാറുണ്ടോ? രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്ത് സ്വപ്നമാണ് കണ്ടതെന്ന് പോലും പലര്‍ക്കും ഓര്‍മ്മ ഉണ്ടാവില്ല. എന്നാല്‍ ഇത് പതിവായാല്‍ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. കണ്ണീരോടെ ഉറക്കം ഉണരുന്നതിന്റെ അസ്വസ്ഥത നമ്മളെ ആശയക്കുഴപ്പത്തിലാക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ മുന്നോടിയായാണ് ഉറക്കത്തില്‍ കരച്ചില്‍ അനുഭവപ്പെടുന്നത്. ഉത്കണ്ഠ, പരിഹരിക്കപ്പെടാതെ കിടക്കുന്ന ട്രോമ ഉപബോധ മനസിനെ വ്യാപിക്കുന്നതിലൂടെ ഒരാളുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെയും ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. വികാരങ്ങള്‍ എപ്പോഴും ഉള്ളില്‍ അടിച്ചമര്‍ത്തുന്ന വ്യക്തിക്കും ഇത് സംഭവിക്കാം. ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന മൂഡ് സ്വിങ്ങും ഉറക്കത്തെ ബാധിക്കും. പേടി സ്വപ്നങ്ങള്‍ കാരണമാണ് പലപ്പോഴും ഉറക്കത്തിനിടെ കരച്ചില്‍ അനുഭവപ്പെടുന്നത്. ചില പേടി സ്വപ്നങ്ങള്‍ വര്‍ധിച്ച വൈകാരിക സമ്മര്‍ദ്ദത്തിനും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും മുന്നോടിയായിരിക്കും. സങ്കടം, പേടി തുടങ്ങിയ വികാരങ്ങള്‍ നിരന്തരം അടിച്ചമര്‍ത്തി ഉള്ളില്‍ സൂക്ഷിക്കുമ്പോഴും ഉറക്കത്തില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കും. വിട്ടുമാറാത്ത ഉത്കണ്ഠയും വിഷാദവും നിങ്ങളുടെ സ്വപ്നങ്ങളെ ബാധിച്ചേക്കാം. നിങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ കരയുന്നത് നിരന്തരമായ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമായിരിക്കാം. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം പ്രതിഫലിപ്പിക്കുന്ന സ്വപ്നങ്ങള്‍ ചിലപ്പോള്‍ നിങ്ങളെ ഉറക്കത്തില്‍ കരയിപ്പിച്ചേക്കാം. മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ആഴത്തിലുള്ള വിഷാദം ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള രോഗങ്ങളുടെ ലക്ഷണമായിരിക്കാം. ഉറക്കത്തിനിടെ കരച്ചില്‍ അനുഭവപ്പെടുന്നത് പതിവായാല്‍ തെറാപ്പി അല്ലേങ്കില്‍ കൗണ്‍സിലിങ് പോലുള്ള വിദഗ്ധ സഹായം തേടണം. ശരിയായ സഹായവും പരിശീലനവും ലഭിക്കുന്നതോടെ മാനസികവും വൈകാരികവുമായ സന്തുലിതാവസ്ഥ കൈവരിക്കാം.