എനിയാക് എസ്യുവിയുടേയും എനിയാക് കൂപെയുടേയും ഫേസ്ലിഫ്റ്റ് മോഡലുകള്‍ പുറത്തിറക്കി ചെക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. മികച്ച എയറോഡൈനാമിക്സും കൂടുതല്‍ റേഞ്ചുമുള്ള പുതിയ എനിയാക്/ എനിയാക് കൂപെ മോഡലുകള്‍ സ്‌കോഡയുടെ മോഡേണ്‍ സോളിഡ് ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. 2020നു ശേഷം രാജ്യാന്തര വിപണിയില്‍ 2.50 ലക്ഷത്തിലേറെ സ്‌കോഡ എനിയാക്ക്/ എനിയാക് കൂപെ മോഡലുകള്‍ വിറ്റു. ഫേസ്ലിഫ്റ്റ് എനിയാക്ക് മോഡലിന്റെ പ്രധാന സവിശേഷത എയറോഡൈനാമിക്സിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈനാണെന്നതാണ്. വാഹനം സഞ്ചരിക്കുമ്പോള്‍ പരമാവധി വായുവിന്റെ പ്രതിരോധം കുറച്ചുകൊണ്ട് ഒഴുകി നീങ്ങുംവിധമാണ് രൂപകല്‍പന. പുതിയ എനിയാകില്‍ ഡ്രാഗ് കോഎഫിഷ്യന്റ് 0.264ല്‍ നിന്നും 0.245 ആയി കുറക്കാന്‍ സ്‌കോഡക്കായി. കൂപെയിലേക്കു വന്നാല്‍ ഡ്രാഗ് കോഎഫിഷ്യന്റ് പിന്നെയും കുറഞ്ഞ് 0.234ല്‍ നിന്നും 0.225ലേക്കാവും. എസ്യുവിയും കൂപെയും മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് എത്തുന്നത്. ചെറിയ ബാറ്ററിയുടെ 60, വലിയ ബാറ്ററിയുടെ 85, വലിയ ബാറ്ററിയുടെ ഫോര്‍ വീല്‍ ഡ്രൈവ് മോഡലായ 85എക്സ്.