കോംപാക്ട് എസ് യുവി ശ്രേണിയില്‍ വരുന്ന കൈലാഖ് അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യ. ഡിസംബര്‍ രണ്ടിന് ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ബേസ് വേരിയന്റിന് 7.89 ലക്ഷം രൂപയാണ് വില. ഡിസംബര്‍ രണ്ടുമുതല്‍ കൈലാഖിന്റെ ബുക്കിങ് ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആറ് കളര്‍ ഓപ്ഷനുകളിലാണ് കാര്‍ വിപണിയിലെത്തുക. ലാവ ബ്ലൂ, ടൊര്‍ണാഡോ റെഡ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നിവയ്‌ക്കൊപ്പം പുതിയ ഒലിവ് ഗോള്‍ഡും ഡെലിവറിയും കളര്‍ ഓപ്ഷനായി വരും. ഒറ്റ നോട്ടത്തില്‍ ഒരു മിനി കുഷാഖ് പോലെയാണ് ഇതിന്റെ രൂപഭംഗി. സബ്-ഫോര്‍ എസ്യുവിയായ കൈലാഖിന് കുഷാഖിന്റെ അത്രയും നീളമില്ല. 230 എംഎം നീളം കുറവാണ്. 17 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. ത്രീ സിലിണ്ടര്‍ 1.0 ടിഎസ്‌ഐ എന്‍ജിനാണ് കൈലാഖില്‍. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുക. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും.