ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്ട് എസ്യുവിയുടെ ഡിസൈന്‍ സവിശേഷതകള്‍ പുറത്തുവിട്ട് സ്‌കോഡ. അടുത്തവര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന സ്‌കോഡ കോംപാക്ട് എസ്യുവിയുടെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. കുഷാക്, സ്ലാവിയ, വിര്‍ട്ടസ്, ടൈഗൂണ്‍ എന്നീ കാറുകള്‍ അടിസ്ഥാനമാക്കിയിട്ടുള്ള എംക്യൂബി എ0 ഐഎന്‍പ്ലാറ്റ്ഫോമിലാണ് ഇപ്പോഴും പേരിടാത്ത സ്‌കോഡയുടെ പുതിയ എസ്യുവി നിര്‍മിക്കുക. എസ്യുവിയുടെ പിന്നില്‍ നിന്നുള്ള ചിത്രമാണ് സ്‌കോഡ പുറത്തുവിട്ടിരിക്കുന്നത്. ചതുര രൂപത്തിലുള്ള ടെയില്‍ ലാംപ്, കട്ടിയേറിയ പിന്‍ ബംപര്‍, ചരിഞ്ഞിറങ്ങുന്ന പിന്‍ ചില്ലുകള്‍ എന്നിവയെല്ലാം ചിത്രത്തില്‍ വ്യക്തമാണ്. റൂഫ് റെയിലുകളും ബൂട്ട് ഡോറിന്റെ നടുവിലായി സ്‌കോഡ എന്ന എഴുത്തുമെല്ലാം ടീസറിലുണ്ട്. സ്‌കോഡയുടെ പുതിയ മോഡലായ എപിക് അടക്കമുള്ളവയില്‍ നിന്നുള്ള സ്‌റ്റൈലിങ് സവിശേഷതകള്‍ പുതിയ കോംപാക്ട് എസ്യുവിയില്‍ സ്‌കോഡ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.0 ലീറ്റര്‍ ടിഎസ്ഐ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. 114 ബിഎച്ച്പി കരുത്തും പരമാവധി 178 എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ വാഹനം. 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമായിരിക്കും. ഈ വാഹനത്തിന്റെ 75 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ 2.0 പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്നാമത്തെ കാറായിരിക്കും ഇത്.