ചര്‍മ്മത്തെ ബാധിക്കുന്ന രോഗങ്ങളും ഉറക്കവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുകയാണ് പുതിയൊരു പഠനം. രാത്രിയില്‍ ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍ അതിന് പിന്നിലുണ്ടായേക്കാവുന്നൊരു കാരണം കൂടിയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. രാത്രിയില്‍ പതിവായി ഉറക്കമില്ലായ്മ നേരിടുന്നതിനൊപ്പം തന്നെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, എരിച്ചില്‍, വിറയല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടി അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ശ്രദ്ധിക്കുക. കാരണം ചര്‍മ്മത്തെ ബാധിച്ചിരിക്കുന്ന എന്തെങ്കിലും രോഗങ്ങളാകാം നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നത്. ഇതാണ് പഠനവും വ്യക്തമാക്കുന്ന കാര്യം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബെര്‍ലിനില്‍ വച്ച് നടന്ന ‘യൂറോപ്യന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി ആന്റ് വെനെറോളജി കോണ്‍ഗ്രസി’ലാണ് പഠനം അവതരിപ്പിക്കപ്പെട്ടത്. 20ലധികം രാജ്യങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലധികം ആളുകളെ പങ്കെടുപ്പച്ചാണത്രേ ഗവേഷര്‍ ഈ പഠനം നടത്തിയത്. ചര്‍മ്മരോഗങ്ങളുള്ളവരില്‍ 42 ശതമാനം പേരിലും ഉറക്കപ്രശ്നങ്ങളുണ്ടാകുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഇത് അത്ര നിസാരമായ കാര്യമല്ല. ഇത്തരത്തില്‍ സ്കിന്‍ രോഗങ്ങളെ തുടര്‍ന്ന് ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവരുടെ കരിയറിലും വ്യക്തിജീവിതത്തിലുമെല്ലാം ഇതുമൂലം കാര്യമായ നഷ്ടമുണ്ടാകുന്നതായും പഠനം വിലയിരുത്തുന്നുണ്ട്. ഇവരുടെ ഉത്പാദനക്ഷമത കുറയുന്നത് മൂലം ജോലിയില്‍ തിരിച്ചടികളുണ്ടാകാം, സ്വഭാവത്തിലെ പ്രശ്നങ്ങള്‍ വ്യക്തിജീവിതത്തിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ചൊറിച്ചില്‍- എരിച്ചില്‍- വിറയല്‍ എന്നിവയ്ക്ക് പുറമെ തളര്‍ച്ച, പകല്‍സമയത്ത് ഉറക്കച്ചടവും ക്ഷീണവും കണ്ണുകള്‍ വിറച്ചുകൊണ്ടിരിക്കുക, ഇടയ്ക്കിടെ കോട്ടുവായിടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി കാണാം.