ആറ് തരം ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കാത്തവര്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. ഹോള്‍ ഫാറ്റ് പാലുല്പന്നങ്ങള്, കടല്‍ മത്സ്യം, പയര്‍വര്‍ഗങ്ങള്‍, നട്സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നീ ഭക്ഷണങ്ങളുടെ അസാന്നിധ്യമാണ് ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നത്. ഈ ഭക്ഷണങ്ങള്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും പഠനം വിലയിരുത്തുന്നു. ഹാമില്ട്ടണ് ഹെല്‍ത്ത് സയന്‍സസിലെയും മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും പോപ്പുലേഷന്‍ റിസര്‍ച്ച് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. സംസ്കരിക്കാത്ത മാംസവും ധാന്യങ്ങളും പരിമിതമായ തോതില്‍ മാത്രമേ കഴിക്കാവുള്ളൂവെന്നും ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. 80 രാജ്യങ്ങളിലെ വിവിധ പഠനങ്ങളില്‍ നിന്നുള്ള 2,45,000 പേരുടെ വിവരങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമായി വിലയിരുത്തി. അതേ സമയം മീനും ഹോള്‍-ഫാറ്റ് പാലുല്പന്നങ്ങളും മിതമായ തോതില്‍ കഴിക്കുമ്പോഴാണ് ഹൃദ്രോഗ സാധ്യതയും അത് മൂലമുള്ള മരണ സാധ്യതയും കുറയുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. പഴങ്ങളും പച്ചക്കറികളും പ്രതിദിനം രണ്ടോ മൂന്നോ സേര്‍വിങ്ങും നട്സ് ഒരു സേര്‍വിങ്ങും പാലുല്പന്നങ്ങള് രണ്ട് സേര്‍വിങ്ങും ആകാമെന്നാണ് പോപ്പുലേഷന്‍ റിസര്‍ച്ച് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്യുവര്‍ ഹെല്‍ത്ത് ഡയറ്റ് സ്കോര്‍ ശുപാര്‍ശ ചെയ്യുന്നത്. പയര്‍ വര്‍ഗങ്ങള്‍ ആഴ്ചയില്‍ മൂന്നോ നാലോ സേര്‍വിങ്ങും മീന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ സേര്‍വിങ്ങും ആകാമെന്നും ഈ സ്കോര്‍ പറയുന്നു. 2019ല്‍ ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ മൂലം 18 ദശലക്ഷം പേര് മരണപ്പെട്ടതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത് ആഗോള മരണങ്ങളുടെ 32 ശതമാനണ്. ഇതില്‍ 85 ശതമാനം മരണങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ്.