വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ സിം-ബൈന്‍ഡിങ് ചട്ടം നടപ്പാക്കാനുള്ള സമയപരിധി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഡിസംബര്‍ അവസാനം വരെ നീട്ടി. ഉപയോക്താവിന്റെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ് ആക്ടീവ് സിം കാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം ടെലികോം, സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ നടപടി നേരിടേണ്ടിവരും. ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം. നിലവില്‍ മെസേജിങ് ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന വണ്‍-ടൈം പാസ്വേഡ് വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. പുതിയ സിം-ബൈന്‍ഡിങ് ചട്ടങ്ങള്‍ പ്രകാരം ഇത് സാധ്യമാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഡിവൈസില്‍നിന്ന് നീക്കം ചെയ്താല്‍ ആപ്പ് പ്രവര്‍ത്തിക്കില്ല.
സിം-ബൈന്‍ഡിങ് ചട്ടം സമയപരിധി നീട്ടി
