ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില ഇരട്ടിയിലധികം വര്‍ദ്ധിച്ച് കിലോലിറ്ററിന് 2.07 ലക്ഷം രൂപയിലെത്തി. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ ആഭ്യന്തര വിമാനക്കമ്പനികളില്‍ നിന്ന് നിരക്ക് വര്‍ദ്ധനവിന്റെ ഒരു ഭാഗം മാത്രമേ ഈടാക്കുന്നുള്ളു. പശ്ചിമേഷ്യ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരക്കുകള്‍ ഉയരുന്നതു പിടിച്ചുനിര്‍ത്താനാണിത്. ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് എടിഎഫ് വില കിലോലിറ്ററിന് 8,289.04 രൂപ വര്‍ദ്ധിപ്പിച്ച് 104,927.18 രൂപയായി. ഡല്‍ഹിയില്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് കഴിഞ്ഞ മാസം ഇത് കിലോലിറ്ററിന് 96,638.14 രൂപയായിരുന്നു. വിദേശ വിമാനക്കമ്പനികളും നോണ്‍-ഷെഡ്യൂള്‍ഡ്, അഡ്‌ഹോക്ക്, ചാര്‍ട്ടര്‍ തുടങ്ങിയ മറ്റ് വിമാനക്കമ്പനികള്‍ക്കും നല്‍കുന്നതിന്റെ പകുതി തുക ആഭ്യന്തര വിമാനക്കമ്പനികള്‍ നല്‍കും. വിദേശ എയര്‍ലൈനുകള്‍ക്ക് വില കിലോലിറ്ററിന് 110,703.08 രൂപ വര്‍ദ്ധിച്ച് കിലോലിറ്ററിന് 207,341.22 രൂപയായി.
