പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ സ്‌റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്. ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കൽ കൊളേജ് ആശുപതിയിലേക്ക് മാറ്റി .ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചിരുന്നു.തുടർന്നാണ് ശുചിമുറിയിൽ പോയി വന്ന ഉടനേ ഗ്രീഷ്മ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. അപകടനിലയിലല്ല എന്നതിനാൽ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ്പി അറിയിച്ചു.
മുതിർന്ന ആർ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. . 83 വയസായിരുന്നു. ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചു. അമേരിക്കയിലുള്ള മകൾ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും
രാജ്ഭവന് ഇ ഓഫീസ് ഒരുക്കാന്‍ 75 ലക്ഷം നൽകിയത് അനുനയമല്ലെന്ന വിശദീകരണവുമായി ധന മന്ത്രി ബാലഗോപാൽ. ധനമന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് കഴിഞ്ഞ ദിവസം ഗവർണ്ണർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാജ്ഭവന് സംസ്ഥാന സർക്കാർ 75 ലക്ഷം രൂപ അനുവദിച്ച നടപടി വാർത്ത ആയിരുന്നു. രാജ്ഭവനിൽ കേന്ദ്രീകൃത നെറ്റ് വര്‍ക്കിംഗും ഇ ഓഫീസും ഒരുക്കാനായാണ് തുക അനുവദിച്ചത് . ഇതൊരു സ്വാഭാവിക നടപടി മാത്രമെന്ന് ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.
പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് . ഷാരോൺ അവസാനമായി ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ ദിവസം അവർ തമ്മിൽ തനിച്ച് കാണാനുള്ള സൗകര്യം ഗ്രീഷ്മയുടെ ‘അമ്മ ഒരുക്കി നൽകി. വിഷം കലർന്ന കഷായം തയ്യാറാക്കിയത് ഗ്രീഷ്മയുടെ അമ്മയാണെന്നും ജയരാജ് പറയുന്നു.പ്രണയത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയുടെ അമ്മ ഒരു വീഡിയോ അയച്ചിരുന്നു. ഇത് പൊലീസിന് നൽകുമെന്നും ജയരാജ് വ്യക്തമാക്കി.
ഇലന്തൂരിൽ ഇരട്ട നരബലിക്കിരയായ പത്മയുടെ കുടുംബം വീണ്ടും സർക്കാരിനെതിരെ രംഗത്ത്. പത്മയുടെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്ന് ഒരു നിശ്‌ചയവുമില്ല .സർക്കാരിൽ നിന്ന് ഒരു ഫോൺ കോളോ മറ്റു വിവരങ്ങളോ ഒന്നും ലഭിക്കുന്നില്ലെന്ന് മകൻ സെൽവരാജ് പറഞ്ഞു. 20 ദിവസത്തോളമായി മൃതദേഹത്തിനായി കാത്തിരിപ്പ് തുടരുകയാണെന്നും മറ്റു പണികൾക്കൊന്നും പോകാൻ കഴിയുന്നില്ലെന്നും സെൽവരാജ് പറഞ്ഞു.
ഗുജറാത്തിലെ മോർബിയിൽ പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 132 ആയെന്ന് ഗുജറാത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ്. 170 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ് . അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കാർ വ്യക്തമാക്കി. 1879 ൽ മച്ഛു നദിക്ക് കുറുകെ ബ്രിട്ടീഷുകാർ പണിത ഈ പാലം അഞ്ച് ദിവസം മുൻപാണ് ജനത്തിന് തുറന്ന് കൊടുത്തത്.