പാലക്കാട് കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ. മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരു കാലത്തും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണ്.
അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി മണ്ണാർക്കാട് എസ് സി എസ് ടി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികൾ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നീ പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹർജിയിൽ തീർപ്പുണ്ടായാൽ ഇന്നു മുതൽ തന്നെ അതി വേഗ വിസ്താരവും തുടങ്ങിയേക്കും.
പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൺ മാവുങ്കൽ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള കൂടുതൽ തെളിവുകൾ പുറത്തു വന്നു. മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നാണ് മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തിയിരിക്കുന്നത്. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗികൾ ആശങ്കയിൽ. ശസ്ത്രക്രിയകൾ നടത്താൻ ആവശ്യത്തിന് നേഴ്‌സുമാരില്ലാത്തതിനാൽ കാലതാമസംനേരിടുന്നു എന്ന് രോഗികൾ പരാതിപ്പെടുന്നു. അധികൃതരുടെ ശ്രദ്ധ എത്രയും വേഗം ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.
കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ രണ്ടാമത്തെ ബസ് സർവ്വീസ് തൃശ്ശൂർ ജില്ലയിലെ എളവള്ളി പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ മാസം 19 ന് തുടക്കം കുറിക്കും.ഗ്രാമവണ്ടി പദ്ധതിയുടെ തൃശ്ശൂർ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം പൂവ്വത്തൂർ ബസ് സ്റ്റാന്‍ഡില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിര്‍വ്വഹിക്കും. കെഎസ്ആർടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവ്വീസാണ് ഗ്രാമവണ്ടി പദ്ധതി.
മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കണം, ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം എന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറയുന്നു. സർക്കാർ . ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കമുള്ള വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറഞ്ഞു.