അസമില്‍ പത്താൻ സിനിമ റിലീസ് ചെയ്യാനിരിക്കുന്ന തിയറ്ററില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നു അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയെ ഫോണിൽ വിളിച്ച് നടൻ ഷാരൂഖ് ഖാൻ. പത്താന്‍ സിനിമയുടെ പ്രദര്‍ശന സമയത്ത് സംസ്ഥാനത്ത് ഒരനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഷാരൂഖിന് ഉറപ്പുനല്‍കിയതായി ആസാം മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി ആസാം മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ആരാണ് ഈ ഷാരൂഖ് ഖാന്‍ എന്നും അയാളെയോ അയാളുടെ ചിത്രം പത്താനെയോ കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
വിവാദങ്ങളുണ്ടായിട്ടും ഷാരൂഖ് ഖാന്‍ ഇതുവരെ തന്നെ വിളിച്ചില്ലെന്നും ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാത്രിയോടെ മുഖ്യമന്ത്രിയെ ഷാരൂഖ് ഫോണിൽ വിളിച്ചത്.
പത്താന്‍ സിനിമയ്ക്കെതിരേ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു എന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ആസാമിലെ നരേംഗിയില്‍ പത്താനെതിരെ വ്യാപക പ്രതിഷേധം നടക്കുകയും ഒരു സംഘമാളുകള്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ കത്തിക്കുകയും ചെയ്തിരുന്നു.
ഈ പ്രതിഷേധത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആരാണ് ഈ ഷാരൂഖ് ഖാനെന്നും വിവാദങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും ആസാം മുഖ്യമന്ത്രി പറഞ്ഞത്. ബോളിവുഡ് സൂപ്പർ താരത്തെക്കുറിച്ചും പത്താൻ സിനിമയെക്കുറിച്ചും പറഞ്ഞപ്പോൾ സംസ്ഥാനത്തെ ജനങ്ങൾ അസമീസ് സിനിമയെക്കുറിച്ച് ചിന്തിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനുവരി 25 നാണ് പത്താൻ സിനിമ റിലീസാകുന്നത്.