ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഏഴു വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍. ഗവര്‍ണറുടെ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് വിസിമാരുടെ വാദം. ഹര്‍ജി ഇന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും. പുറത്താക്കലിനെതിരെ കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും.
തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ കരാര്‍ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഏജന്‍സി മുഖേനെ ജോലിക്കെത്തിയ കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായ മലയിന്‍കീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം. ഇയാളെ അടിയന്തരമായി ഒഴിവാക്കാന്‍ പിഎസിനു നിര്‍ദ്ദേശം നല്‍കിയെന്നു റോഷി അഗസ്റ്റിന്‍. മ്യൂസിയത്തിനരികില്‍ സ്ത്രീക്കെതിരേ അതിക്രമത്തിനു മുതിര്‍ന്നത് സന്തോഷാണോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
തനിക്ക് എന്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരമെന്ന് അറിയില്ലെന്ന് എംപി പരമേശ്വരന്‍. പുരസ്‌കാര വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഔദ്യോഗികമായി അറിയിപ്പു ലഭിച്ചിട്ടില്ല. കെ. റെയില്‍ പദ്ധതി ഒരര്‍ത്ഥവും ഇല്ലാത്ത പദ്ധതിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സങ്കല്‍പം തെറ്റാണെന്നും പരമേശ്വരന്‍.
യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാര്‍ (31)നെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. ജൂലൈ പന്ത്രണ്ടിനാണ് രണ്ടാം ഭാര്യ രമ്യ എന്ന ശരണ്യ (20) ആത്മഹത്യ ചെയ്തത്.
സംസ്ഥാനത്തെ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കേരള ക്യാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ക്യാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ സജ്ജമാക്കിയത്.
എഴുത്തുകാരനും കലാനിരൂപകനും അധ്യാപകനുമായ വിജയകുമാര്‍ മേനോന്‍ (71) തൃശൂരില്‍ അന്തരിച്ചു.
ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കുളു മണ്ഡലത്തില്‍ വിമതനായി മല്‍സരിക്കുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാം സിംഗിനെ പുറത്താക്കി. ഇദ്ദേഹത്തിനു പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിരസിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു.