ശ്രീനാഥ് ഭാസിയെ പ്രധാനകഥാപാത്രമാക്കി നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആസാദി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍ . മലയാള സിനിമയിലെ ആക്ഷന്‍ നായികയായിരുന്ന വാണി വിശ്വനാഥ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ആസാദി. വാണി വിശ്വനാഥിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയില്‍ ശക്തമായ വനിതാ പൊലീസ് വേഷങ്ങളില്‍ തിളങ്ങി കയ്യടി വാങ്ങിയിട്ടുള്ള താരമാണ് വാണി വിശ്വനാഥ്. പുതിയ സിനിമയിലും വാണി പ്രധാനപ്പെട്ട ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സംവിധായകന്‍ ജോ ജോര്‍ജ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ അന്‍പതാമത് ചിത്രം കൂടിയാണ് സാഗര്‍ തിരക്കഥയെഴുതുന്ന ആസാദി. ലാല്‍, സൈജു കുറുപ്പ്, രവീണ രവി, ടി. ജി രവി, രാജേഷ് ശര്‍മ, ജിലു ജോസഫ് തുടങ്ങിയവരും അണിനിരക്കുന്നു. ഹരി നാരായണന്റെ വരികള്‍ക്ക് വരുണ്‍ ഉണ്ണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.