സ്കൂൾ കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കലോത്സവത്തിലെ വിജയമല്ല, പങ്കാളിത്തമാണു പ്രധാനമെന്ന കോടതിയുടെ നിരീക്ഷണം ഏറെ പ്രസക്തമാണെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേജ് സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ക്രമീകരണങ്ങളോടും നിർദ്ദേശങ്ങളോടും എല്ലാവരും സഹകരിക്കണം. വിജയവും പരാജയവും ആപേക്ഷികമാണ്. മത്സരത്തിലെ പങ്കാളിത്തമാണ് പ്രധാനം. കലോത്സവത്തിൽ ലഭിക്കുന്ന അവസരങ്ങളിലെ തുല്യതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കുക. കലോത്സവ മാനുവൽ പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്നും കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.ആരോഗ്യകരമായ മത്സരമാണ് കലോത്സവത്തിൽ ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.