ലുസൈല്‍ സ്റ്റേഡിയത്തിൽ
2-1എന്ന് ഗോൾ നിലയിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്റ്റേഡിയത്തിൽ അർജന്റീനിയൻ ആരാധകരുടെ കണ്ണീരു വീണിരുന്നു.
സൗദി ആരാധകരുടെ ആനന്ദ കണ്ണീരും.
ലുസൈല്‍ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും ചൊവ്വാഴ്ച നടന്ന അർജന്റീന – സൗദി പോരാട്ടം ഒരു ഫൈനലിന്റെ വീറും വാശിയും പോരാട്ടവീര്യവും പ്രകടമാക്കുന്നതായിരുന്നു.
സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ നീലപ്പടയുടെ പ്രാർത്ഥനകൾ വിഫലമായി..
പ്രവചനങ്ങളെയെല്ലാം ദോഹയിലെ മണൽക്കാറ്റിൽ പറത്തി സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ച് ലോക കപ്പിലെ തങ്ങളുടെ ആദ്യ മത്സരം കൊണ്ട് ലോകത്തെ ഞെട്ടിച്ചു, വിസ്മയിപ്പിച്ചു അമ്പരപ്പിച്ചു ..
സൗദിക്കെതിരെ സർവായുധങ്ങളും എടുത്ത് പോരിനിറങ്ങിയ അർജന്റീനക്ക് പക്ഷേ ആദ്യ മത്സരത്തിൽ വിജയത്തിന്റെ വീഞ്ഞ് രുചിക്കാനായില്ല.
കളിയുടെ 90 മിനിറ്റിലും ഇഞ്ചുറി ടൈമിലും കളം നിറഞ്ഞ് കളിച്ച സൗദി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ മെസ്സിയും കൂട്ടരും നന്നേ പാടുപെടും.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ പരാജയത്തിന്റെ ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തപ്പോൾ ലോകമെമ്പാടുമുള്ള അർജന്റീനയുടെയും മെസ്സിയുടെയും ആരാധകർക്ക് തലതാഴ്ത്തി ഇരിക്കാനേ സാധിച്ചുള്ളൂ
അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.
കൂട്ടായ നീക്കങ്ങളിലൂടെ സൗദിയുടെ ഗോൾമുഖത്ത് പലതവണ മെസ്സിയും കൂട്ടരും ആക്രമണം നടത്തിയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ നിന്ന സൗദി ഗോളി മെസ്സി അടക്കമുള്ള വമ്പൻമാരുടെ ഷോട്ടുകൾ എല്ലാം കൈ പിടിയിലൊതുക്കിയും തട്ടി മാറ്റിയും വല കാത്തു.
ആദ്യ പകുതിയിൽ ലീഡ് നേടി മുന്നിട്ടുനിന്ന അർജന്റീന രണ്ടാം ഗതിയിൽ രണ്ടു ഗോൾ ഏറ്റുവാങ്ങേണ്ടി വന്നതോടെ അപ്പാടെ പതറി പോകുന്നതാണ് കണ്ടത്.
എങ്കിലും ആത്മവിശ്വാസം കൈവിടാതെ അവസാന സെക്കന്റ് വരെ പോരാടാൻ അവർ ശ്രമിച്ചു.
പരുക്കൻ അടവുകൾ രണ്ടു കൂട്ടരും പുറത്തെടുക്കുന്നത് കണ്ട മത്സരം കൂടിയായി ഇത്.
ദുർബലരും ചെറുതെന്നും കരുതുന്ന ടീമുകൾ ഇക്കുറിയും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് സൂചനയാണ് സൗദി നൽകുന്നത്.