കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍’ ടീസര്‍ ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. ഒന്നിലേറെ ഭാഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായ സീസ്ഫയറിന്റെ ടീസറാണ് സിനിമാ പ്രേമികള്‍ക്ക് മുന്നിലത്തിയത്. കെജിഎഫ് പോലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ സലാര്‍ ടീസറില്‍ ഒരു വിഭാഗം ആരാധകര്‍ നിരാശരാണ്. കെജിഎഫ് സംവിധായകനില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചത് എന്നാണ് അവര്‍ പറയുന്നത്. ട്വിറ്ററില്‍ ഡിസപ്പോയ്ന്റഡ് ഹാഷ്ടാഗ് ട്രെന്‍ഡിങ് ആവുകയാണ്. സംവിധായകന്‍ പ്രശാന്ത് നീലും സൂപ്പര്‍ സ്റ്റാര്‍ പ്രഭാസും ആദ്യമായി ഒരുമിപ്പിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് സലാര്‍. ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂര്‍ ആണ് ഈ മെഗാ പ്രോജക്റ്റ് നിര്‍മ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റന്‍ സെറ്റുകളിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. 400 കോടി ബഡ്ജറ്റുള്ള സലാര്‍ പാര്‍ട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് സമാന്തരമായി നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ്. പ്രശാന്ത് നീലിന്റേത് തന്നെയാണ് തിരക്കഥയും. ഈ വര്‍ഷം സെപ്റ്റംബര്‍ 28ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.