ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് സജി ചെറിയാൻ എംഎൽഎ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണ.
ഭരണഘടനയേയോ ഭരണഘടനാ ശിൽപികളെയോ അവഹേളിച്ചിട്ടില്ലെന്നു കണ്ടെത്തി പൊലീസ് തുടർന്ന് കേസ് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി.
വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ആര്‍ക്കും ചൂഷണം ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്റെ പരാമർശം. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നു എന്നുമാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഈ പരാമർശം വിവാദമായതിനെ തുടർന്ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
അഞ്ച് മാസത്തിന് ശേഷം സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്‍റെ റെഫർ റിപ്പോർട് പുറത്തുവന്നിരുന്നു. വിമർശനാത്കമായി സംസാരിക്കുക മാത്രമാണ് സജി ചെറിയാൻ ചെയ്തതെന്നും സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ട് നൽകിയത്.