രാജസ്ഥാനില്‍ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകും. എഐസിസി പ്രസിഡന്റായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ തെരഞ്ഞെടുത്താല്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് സച്ചിന് പൈലറ്റിനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മുഖ്യമന്ത്രിയാകാന്‍ സീനിയര്‍ നേതാവ് സി.പി. ജോഷിയും രംഗത്തുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ സച്ചിനാണ്. ഇന്നു വൈകുന്നേരം ഗെലോട്ടിന്റെ വസതിയില്‍ നിയമസഭാ കക്ഷിയോഗം ചേരും.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് വീട്ടുതടങ്കലിലാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ബെയ്ജിംഗില്‍ സൈനിക അട്ടിമറി നടന്നെന്നും പ്രസിഡന്റിനെ തടങ്കലിലാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ച് ചൈന പ്രതികരിച്ചിട്ടില്ല. ഇതോടെ അട്ടിമറി നടന്നെന്ന പ്രചാരണം വര്‍ധിക്കുകയും ചെയ്തു.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന് മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. വൈദ്യുതി, ഗതാഗത വകുപ്പു മന്ത്രിയായി പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന് നേതാവായിരുന്നു. മലപ്പുറം നിലമ്പൂരാണു സ്വദേശം. ആര്യാടന് ഷൗക്കത്ത് ഉള്‍പ്പെടെ നാലു മക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ജനശതാബ്ദി മോഡലില്‍ അതിവേഗ കെഎസ്ആര്‍ടിസി ബസ് സര്‍വീസ്. ഇടയ്ക്കു രണ്ടു സ്റ്റോപ്പു മാത്രം. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ഓരോ മിനിറ്റ് നിര്‍ത്തും. രാവിലെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 9.40 ന് എറണാകുളത്ത് എത്തും. തിരിച്ച് വൈകിട്ട് 5.20 ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 9.50 ന് തിരുവനന്തപുരത്ത് എത്തും. കണ്ടക്ടര്‍ ഇല്ല. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനിതാകുമാരി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്സിന് അമീന് എന്നിവരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. പാലം തകര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ഒരുങ്ങുന്ന ശശി തരൂര്‍ എംപിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ് തരംഗമായി. റൂസ്വെല്‍റ്റിന്റെ ‘അരങ്ങിലെ മനുഷ്യന്’ (ദ മാന്‍ ഇന്‍ ദ അറിന) എന്ന വരികളാണ് ശശി തരൂര്‍ കുറിച്ചത്. പൊടിയും വിയര്‍പ്പും രക്തവും പൊടിഞ്ഞ മുഖവുമായി അരങ്ങില്‍ അധ്വാനിക്കുന്നയാള്ക്കുള്ളതാണ് എല്ലാ ക്രെഡിറ്റും. പരാജയപ്പെട്ടാല്‍ മഹത്തായ പരാജയമായിരിക്കും. അവന്റെ സ്ഥാനം ഒരിക്കലും വിജയമോ പരാജയമോ അറിയാത്ത തണുത്ത ഭീരുക്കളായ ആത്മാക്കള്ക്കൊപ്പമാകില്ല എന്ന വരികളാണ് വൈറലായത്.
എ.കെ.ജി.സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. നേരത്തെ പിടിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനുമായുളള അടുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. സുപ്രധാന തെളിവുകള്‍ ലഭിച്ചെന്നു ക്രൈം ബ്രാഞ്ച് അവകാശപ്പെട്ടു.
സിപിഎം നേതാക്കളുടെ പീഡനംമൂലം പത്തനംതിട്ട പെരുനാട് മധ്യവയസ്കന് തൂങ്ങിമരിച്ചു. മടുത്തുമൂഴി സ്വദേശി ബാബു മേലേതില്‍ ആണ് മരിച്ചത്. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനന്, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന് എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.