pina

ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ അണികളേക്കള്‍ ആര്‍എസ്എസിനെ പുകഴ്ത്തുന്നത് ഗവര്‍ണറാണെന്ന് പിണറായി പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍- അശോക് ഗെലോട്ട് മത്സരം. ശശി തരൂര്‍ എംപി സോണിയ ഗാന്ധിയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശശി തരൂരിനും മത്സരിക്കാമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കും. 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം 17 നാണു തെരഞ്ഞെടുപ്പ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈ മാസം 26 ന് പത്രിക നല്‍കിയേക്കും.

നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ഭേദഗതി നിയമങ്ങളില്‍ ഒപ്പുവയ്ക്കില്ലെന്നു ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ബില്ലുകള്‍ സാധുവാക്കാന്‍ നിയമ നടപടികള്‍ വേണ്ടിവരും. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന ആരോപണവും നിയമപോരാട്ടത്തിലേക്കു നയിച്ചേക്കും. ഗവര്‍ണര്‍ക്കെതിരേ നടന്ന അതിക്രമശ്രമവും അന്നു രാജ്യസഭാംഗമായിരുന്ന മുഖ്യമന്ത്രിയുടെ പൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് പോലീസിനെ തടഞ്ഞതും നിയമയുദ്ധത്തിന് വഴി തുറന്നേക്കാം.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരില്‍ കക്ഷി ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ഗവര്‍ണറുടെ ആരോപണങ്ങളേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും ആക്രമണങ്ങളേയും രാഷ്ട്രീയമായി നേരിടാനാണ് എല്‍ഡിഎഫിന്റേയും സിപിമ്മിന്റേയും തീരുമാനം. ഗവര്‍ണര്‍ക്കെതിരേ വ്യാപക പ്രചാരണങ്ങള്‍ നടത്താനാണു നിര്‍ദേശം.

ലോകനേതാക്കളുടേയും ബ്രിട്ടീഷ് ജനതയുടേയും അന്തിമോപചാരങ്ങള്‍ക്കുശേഷം അര്‍ധരാത്രി രാജകുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സംസ്‌കരിച്ചു. രാഷ്ട്രനേതാക്കള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം അതിവിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്കും പിന്നീട് വെല്ലിംഗ്ടണ്‍ ആര്‍ച്ചിലേക്കും ഒടുവില്‍ വിന്‍ഡ്സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലിലേക്കും വിലാപയാത്ര കടന്നുപോയപ്പോള്‍ റോഡിന് ഇരുവശത്തും കാത്തുനിന്ന ജനം അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ കല്ലറയ്ക്കരികിലുള്ള കല്ലറയിലാണ് എലിസബത്ത് രാജ്ഞിയുടെ മൃതദേഹം അടക്കിയത്.

മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈസ് ചാന്‍സലറെ നിയമിക്കാന്‍ സമ്മര്‍ദം ചെലുത്തിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍  അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെപോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസ് നടന്ന കാലത്ത് രാഗേഷ് രാജ്യസഭാ എംപിയായിരുന്നെന്നും ഗോവിന്ദന്‍.

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടു ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്തിടപാടുകള്‍ പുറത്തുവിട്ട കേരള ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന ലംഘിച്ചെന്നും കാനം ആരോപിച്ചു.

ചരിത്ര കോണ്‍ഗ്രസില്‍ നടത്തിയ പഴയ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. ഭരണഘടന അപകടത്തിലാണെന്നും സര്‍വകലാശാലകളെ സംഘപരിവാര്‍ ആക്രമിക്കുകയാണെന്നുമുള്ള പ്രസംഗമാണ് അന്ന് രാജ്യസഭാംഗമായിരുന്ന കെ.കെ രാഗേഷ് പങ്കുവച്ചത്. ഗവര്‍ണറുടെ വിമര്‍ശനത്തിനു പിറകേയാണ് പഴയ പ്രസംഗം രാഗേഷ് പങ്കുവച്ചത്.

ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍  രാജിവയ്ക്കണമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന  മുഖ്യമന്ത്രി ചെയ്തതെന്നും സുരേന്ദ്രന്‍.

ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് അഭികാമ്യമമല്ലെങ്കിലും വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. പ്രതിപക്ഷം ആരുടേയും കൂടെ നില്‍ക്കില്ലെന്നാണ് അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *