മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആണ് ‘രോമാഞ്ചം’. തിയറ്ററുകളില്‍ എത്തിയപ്പോള്‍ ആദ്യദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. വൈഡ് റിലീസിന്റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുന്ന സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. കളക്ഷന്‍ പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 41 കോടി ആണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4.1 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 68 കോടിയാണ്.