രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രമാണ് ‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 2016-ലെ ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന് ശേഷം കരണ്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ ആദ്യ തിയറ്റര്‍ റിലീസാണ് റോക്കി ഔര്‍ റാണി കി പ്രേം കഹാനി. അതിനിടയില്‍ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജികളായ ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയില്‍ കരണ്‍ രണ്ട് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയ ബോളിവുഡിലെ ഇതിഹാസങ്ങള്‍ ചിത്രത്തിലെ സഹതാരങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്‍വീര്‍ സിംഗിന്റെയും ആലിയയുടെയും പ്രണയം തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇഷിത മൊയ്ത്ര, ശശാങ്ക് ഖൈതാന്‍, സുമിത് റോയ് എന്നിവര്‍ ചേര്‍ന്നാണ് റോക്കി ഔര്‍ റാണി കീ പ്രേം കഹാനി എഴുതിയിരിക്കുന്നത്. ഇഷിത മൊയ്ത്രയുടെതാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍, പ്രീതത്തിന്റെയാണ് സംഗീതം, അമിതാഭ് ഭട്ടാചാര്യ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. ജൂലൈ 28 ന് സിനിമ തീയറ്ററുകളില്‍ എത്തും.