തക്കാളി ഉള്‍പ്പെടെ നിരവധി പച്ചക്കറികള്‍ക്കും ഭക്ഷ്യോത്പന്നങ്ങള്‍ക്കും വില കത്തിക്കയറിയതോടെ വീണ്ടും കുതിച്ചുയര്‍ന്ന് ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം. മേയില്‍ രണ്ടുവര്‍ഷത്തെ താഴ്ചയായ 4.25 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനത്തിലേക്കാണ് കുതിച്ചെത്തിയത്. മേയില്‍ 2.91 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം 4.49 ശതമാനമായി കുത്തനെ കൂടിയതാണ് കഴിഞ്ഞമാസം മുഖ്യ തിരിച്ചടിയായത്. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.17 ശതമാനത്തില്‍ നിന്നുയര്‍ന്ന് 4.72 ശതമാനത്തിലെത്തി. നഗരങ്ങളിലെ പണപ്പെരുപ്പം 4.27ല്‍ നിന്ന് 4.96 ശതമാനമായും ഉയര്‍ന്നത് കനത്ത ആശങ്കയാണ്. ഏപ്രിലില്‍ 5.63 ശതമാനമായിരുന്ന കേരളത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം മേയില്‍ 4.48 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. എന്നാല്‍, കൃത്യം ഒരുമാസം പിന്നിടുമ്പോഴേക്കും ജൂണില്‍ പണപ്പെരുപ്പം 5.25 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.53 ശതമാനത്തില്‍ നിന്ന് 5.05 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.33 ശതമാനത്തില്‍ നിന്ന് 5.46 ശതമാനത്തിലേക്കും കുത്തനെ വര്‍ദ്ധിച്ചു. പണപ്പെരുപ്പം വീണ്ടും കൂടുന്ന ട്രെന്‍ഡ് കാണിക്കുന്നതിനാല്‍ സമീപഭാവിയിലെങ്ങും റിസര്‍വ്ബാങ്ക് പലിശഭാരം കുറയ്ക്കില്ലെന്ന് ഉറപ്പായി. വരുംമാസങ്ങളിലും പണപ്പെരുപ്പം കൂടിയാല്‍ പലിശനിരക്ക് കൂട്ടാനും റിസര്‍വ് ബാങ്ക് മടിച്ചേക്കില്ല.