രാജ്യത്ത് റീട്ടെയില്‍ വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയിലാണ് റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജനുവരിയില്‍ ഇന്ത്യയിലെ റീട്ടെയില്‍ വാഹന വില്‍പ്പന 14 ശതമാനമായാണ് വര്‍ദ്ധിച്ചത്. ഇതോടെ, ജനുവരിയില്‍ മാത്രം 18.27 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്. 2022 ജനുവരിയില്‍ 16.08 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മൂന്നുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 59 ശതമാനം വര്‍ദ്ധിച്ച് 65,796 യൂണിറ്റും, ഇരുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 10 ശതമാനം വര്‍ദ്ധിച്ച് 12.65 ലക്ഷം യൂണിറ്റുമായിട്ടുണ്ട്. അതേസമയം, ട്രാക്ടര്‍ വില്‍പ്പന 8 ശതമാനം ഉയര്‍ന്ന് 73,156 എണ്ണമായി. ജനുവരി മാസത്തില്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ 22 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ, കാറുകളുടെ രജിസ്‌ട്രേഷന്‍ 3.40 ലക്ഷമായി. വാണിജ്യ വാഹന രജിസ്‌ട്രേഷന്‍ 16 ശതമാനം വര്‍ദ്ധനവോടെ 82,428 യൂണിറ്റിലെത്തി.