ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക അരക്ഷിതാവസ്ഥയും ആഗോള തലത്തിലെ സംഘര്‍ഷങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടാക്കാമെന്ന് റിസര്‍വ് ബാങ്ക്. ജൂണ്‍ മാസത്തിലെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് കേന്ദ്രബാങ്കിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ പൊതുകടം, അധിക ആസ്തി മൂല്യനിര്‍ണയം, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിപണിക്ക് അനുകൂലമല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ പൊതുകടം വലിയ രീതിയില്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 196.78 ലക്ഷം കോടി രൂപയില്‍ കൂടുതലായി പൊതുകടം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ 181.74 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ ബോണ്ടുകള്‍ ഉള്‍പ്പടെയുള്ളവയുടെ പ്രകടനത്തെ ഇത് വിപരീതമായി ബാധിക്കാം. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ട്. റിസ്‌ക് കൂടുതലുള്ള ബിസിനസുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അപകടമുണ്ടാക്കിയേക്കാം. വിവിധ രാജ്യങ്ങളിലെ വ്യാപാരമാന്ദ്യം, പണപ്പെരുപ്പം എന്നിവ സാമ്പത്തിക നയങ്ങളില്‍ മാറ്റത്തിന് പ്രേരിപ്പിക്കുമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.