മുകേഷ് അംബാനിയുടെ റിലയന്‍സ് റീറ്റെയ്ലിനു കിഴിലുള്ള റിലയന്‍സ് ബ്രാന്‍ഡ്‌സ് യു.കെ ആസ്ഥാനമായ സൂപ്പര്‍ഡ്രൈയുമായി സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സൂപ്പര്‍ഡ്രൈയുടെ ഉടമസ്ഥാവകാശം സംയുക്ത സംരംഭം ഏറ്റെടുക്കും. പുതിയ സംരംഭത്തില്‍ റിലയന്‍സ് ബ്രാന്‍ഡ്‌സ് യു.കെ, സൂപ്പര്‍ഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികള്‍ ഉണ്ടായിരിക്കും. ഏകദേശം 400 കോടി രൂപയ്ക്കാണ് (4 കോടി പൗണ്ട്) റിലയന്‍സ് ബ്രാന്‍ഡ്‌സ് ഓഹരി സ്വന്തമാക്കുന്നത്. റിലയന്‍സ് ബ്രാന്‍ഡ്‌സ് 2012ല്‍ സൂപ്പര്‍ഡ്രൈയുമായി ദീര്‍ഘകാല ഫ്രാഞ്ചൈസി കരാര്‍ ഒപ്പിടുകയും ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ഡ്രൈയുടെ ബ്രിട്ടീഷ് പൈതൃകം, അമേരിക്കന്‍ സ്റ്റൈലിംഗ്, ജാപ്പനീസ് ഗ്രാഫിക്സ് എന്നിവയുടെ അതുല്യമായ സംയോജനം യുവ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇടം നേടിയിട്ടുണ്ട്. 50 നഗരങ്ങളിലായി 200 വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ബ്രാന്‍ഡ് അതിവേഗം വികസിച്ചു. ഇ-കൊമേഴ്‌സിലൂടെ 2,300 ഇന്ത്യന്‍ നഗരങ്ങള്‍ക്കപ്പുറത്തേക്ക് ബ്രാന്‍ഡ് വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. ഷൂ, ആക്സസറികള്‍ എന്നിവ കൂടാതെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ടി-ഷര്‍ട്ടുകള്‍, ഷര്‍ട്ടുകള്‍ എന്നിവയാണ് സൂപ്പര്‍ഡ്രൈയുടെ ഉത്പ്പന്നങ്ങള്‍. റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ ഉപകമ്പനിയാണ് 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍.ബി.എല്‍.