മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 375 കോടി രൂപയ്ക്ക് ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോമായ കാര്‍കിനോസിനെ ഏറ്റെടുത്തു. ക്യാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനും രോഗനിര്‍ണയത്തിനും സാങ്കേതികവിദ്യാധിഷ്ഠിതമായി പരിഹാരങ്ങള്‍ നല്‍കുന്ന കമ്പനിയാണ് കാര്‍കിനോസ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 22 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. കാര്‍കിനോസിന്റെ 10 രൂപയുടെ 1 കോടി ഓഹരികള്‍ 10 കോടി രൂപയ്ക്കും 10 രൂപയുടെ 36.5 കോടി പൂര്‍ണ്ണമായി പരിവര്‍ത്തനം ചെയ്യാവുന്ന കടപ്പത്രങ്ങള്‍ 365 കോടി രൂപയ്ക്കും ഡിസംബര്‍ 27 ന് സമാഹരിച്ചതായി റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്സ് ലിമിറ്റഡ് ഓഹരി വിപണിയെ അറിയിച്ചു. പഴയ ഓഹരി ഉടമകളുടെ കൈവശമുള്ള 30,075 ഓഹരികള്‍ കാര്‍കിനോസ് റദ്ദാക്കിയിട്ടുണ്ട്. എവാര്‍ട്ട് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, റിലയന്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത് ലിമിറ്റഡ്, മയോ ക്ലിനിക്ക്, സുന്ദര്‍ രാമന്‍, രവികാന്ത് എന്നിവരായിരുന്നു കമ്പനിയുടെ പ്രമുഖ നിക്ഷേപകര്‍. ഏകദേശം 60 ആശുപത്രികളുമായി കാര്‍കിനോസ് 2023 ഡിസംബര്‍ വരെ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ ഇംഫാലില്‍ 150 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്യാന്‍സര്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് കമ്പനി.