രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോഡ്. യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 2024ലെ ആദ്യ ആറുമാസ കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി- ജൂണ്‍ കാലയളവില്‍ 7897 കോടി ഇടപാടുകള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ജനുവരിയില്‍ 803 കോടി ഇടപാടുകളാണ് നടന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ ഇത് 1390 കോടിയായാണ് ഉയര്‍ന്നത്. ഇടപാടുകളുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്ക് സമാനമായി മൂല്യവും ഉയര്‍ന്നിട്ടുണ്ട്. 2023 ജനുവരിയില്‍ 12.98 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നതെങ്കില്‍ ഈ വര്‍ഷം ജൂണ്‍ ആയപ്പോള്‍ മൂല്യം 20.07 ലക്ഷം കോടിയായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ലെ ആദ്യ പകുതിയില്‍ 5190 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇതാണ് 2024 ആദ്യ പകുതിയായപ്പോള്‍ 7897 കോടിയായി ഉയര്‍ന്നത്. 52 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ മൂല്യത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 83.16 ലക്ഷം കോടിയില്‍ നിന്ന് 116.63 ലക്ഷം കോടിയായാണ് ഇടപാടുകളുടെ മൂല്യം ഉയര്‍ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.