night news 5

ഡിഗ്രി കോഴ്‌സ് നാലു വര്‍ഷമാക്കുന്നു. നാലു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ഡിഗ്രിയാണു നല്‍കുക. നാലാം വര്‍ഷത്തില്‍ ഗവേഷണത്തിനും ഇന്റേണ്‍ഷിപ്പിനുമായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക. നാലുവര്‍ഷത്തെ ഓണേഴ്‌സ് ഡിഗ്രി നേടിയവര്‍ക്കു നേരിട്ട് പിജി കോഴ്‌സില്‍ രണ്ടാം വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി നല്‍കും. വേണമെങ്കില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിക്കു ഡിഗ്രി നല്‍കും. അടുത്ത അധ്യയന വര്‍ഷത്തില്‍ ഇതു നടപ്പിലാക്കാനാണു നീക്കം.

വിഴിഞ്ഞത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ സമരക്കാരെ നിശിതമായി വിമര്‍ശിച്ച് മന്ത്രി ജി.ആര്‍ അനില്‍. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതിന് 3000 തുറമുഖ വിരുദ്ധ സമിതിക്കാര്‍ക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തെന്നും മന്ത്രി പറഞ്ഞു. സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ വധിക്കാനായിരുന്നു ശ്രമമെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത സമരസമിതി ഒഴികേയുള്ള എല്ലാ കക്ഷികളും ആവശ്യപ്പെട്ടെന്ന് മന്ത്രി അനില്‍ അവകാശപ്പെട്ടു.

വിഴിഞ്ഞത്ത് സര്‍ക്കാര്‍ പോലീസിനെക്കൊണ്ടു നടത്തിച്ചത് ആസൂത്രിത കലാപമാണെന്നു സമരസമിതി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ശനിയാഴ്ചയിലെ സംഘര്‍ഷത്തില്‍  വിഴിഞ്ഞം സമരസമിതി പ്രവര്‍ത്തകന്‍ അറസ്റ്റു ചെയ്ത സെല്‍റ്റനെ ജാമ്യത്തിലെടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയവരേയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെയെല്ലാം ജാമ്യത്തിലെടുക്കാന്‍ വിന്‍സെന്റ് എംഎല്‍എയും രണ്ടു വൈദികരും അടക്കമുള്ള ആറു പേര്‍ സ്റ്റേഷനിലെത്തി. പോലീസ് നടപടികള്‍ വൈകിപ്പിച്ചു. അതിനിടെ വൈദികരേയും അറസ്റ്റു ചെയ്‌തെന്ന വ്യാജസന്ദേശം പ്രചരിച്ചു. ഇതോടെ ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി. ജനത്തിനു നേരെ ആദ്യം കല്ലേറു തുടങ്ങിയതു പോലീസാണെന്നാണ് സമരസമിതി നേതാക്കള്‍ ആരോപിക്കുന്നത്. പോലീസ് പലതവണയായി നടത്തിയ ലാത്തിച്ചാര്‍ജില്‍ വൈദികര്‍ അടക്കം നൂറിലേറെ പേര്‍ക്കു പരിക്കേറ്റെന്നും സമരസമിതി ആരോപിച്ചു.

വിഴിഞ്ഞം വിഷയത്തില്‍ സമരസമിതി ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചു പിന്നീടു ചര്‍ച്ച ചെയ്യുമെന്ന് സര്‍വകക്ഷി യോഗത്തില്‍ മന്ത്രി ജി.ആര്‍. അനില്‍. അക്രമസംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന സമരസമിതിയുടെ ആവശ്യം മന്ത്രി തള്ളി. ഇതോടെ സര്‍വകക്ഷിയോഗം ഒരു തീരുമാനവുമില്ലാതെ പിരിയുകയായിരുന്നെന്നു പ്രതിപക്ഷ കക്ഷികളുടേയും സമരസമിതിയുടേയും നേതാക്കള്‍ പറഞ്ഞു.

വിഴിഞ്ഞത്തെ ആക്രമണങ്ങളില്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അറസ്റ്റു ചെയ്ത് പ്രകോപനമുണ്ടാക്കിയതു പോലീസാണ്. ജാമ്യത്തിലെടുക്കാന്‍ പോയവരേയും അറസ്റ്റു ചെയ്തത് എന്തിനുവേണ്ടിയാണ്. മനപൂര്‍വം കലാപമുണ്ടാക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നും സതീശന്‍ പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ട് സിമന്റ് ഗോഡൗണില്‍ കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. മുഖ്യമന്ത്രി രാജാവല്ലെന്ന് മറക്കരുതെന്നും സതീശന്‍.

വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എംപി. സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്തതാണ് സമരക്കാരെ പ്രകോപിതരാക്കുന്നത്. സ്ഥലത്തില്ലാത്ത ആര്‍ച്ച്ബിഷപ്പിനെതിരേ കേസെടുത്ത് അംഗീകരിക്കാനാവില്ലെന്നും ജോസ് കെ. മാണി.

മല്‍സ്യത്തൊഴിലാളികളെ വൈദികര്‍ ഭീഷണിപ്പെടുത്തിയാണ് സമരത്തിനിറക്കുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി. വിഴിഞ്ഞം പദ്ധതി തകര്‍ക്കുന്നതിന് വിദേശ പണം സ്വീകരിക്കുന്നുണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു.

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. സര്‍ക്കാരിന്റെ പട്ടിക തിരസ്‌കരിച്ച് ഡോ. സിസ തോമസിനെ ഗവര്‍ണര്‍ താല്‍ക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ യോഗ്യതയുളളവര്‍ ഇല്ലായിരുന്നെന്നാണ് ഗവര്‍ണറുടെ നിലപാട്. സീനിയോറിറ്റി അനുസരിച്ച് ഡോ. സിസ തോമസ് നാലാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ അറിയിച്ചു. വിസി നിയമനത്തിന്റെ പേരിലുള്ള ഏറ്റുമുട്ടല്‍ അനാവശ്യമാണെന്ന് കോടതി പരാമര്‍ശിച്ചു.

സില്‍വര്‍ലൈന്‍ പദ്ധതി പൂട്ടിക്കെട്ടിയ സ്ഥിതിക്ക് ഭൂമിയേറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിജ്ഞാപനം നിലനില്‍ക്കുന്നതിനാല്‍ പലര്‍ക്കും  ഭൂമി ക്രയവിക്രയം ചെയ്യാനോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ കഴിയുന്നില്ല.  പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരാണ് അനുമതി തരാത്തത്. കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്നാണു കേന്ദ്രത്തിന്റെ നിലപാടെന്നും ബാലഗോപാല്‍.

പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎയും കോടതിയില്‍. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം  കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറ്റൊരു കേസില്‍ പ്രതിയാകരുതെന്ന കര്‍ശന ഉപാധിയോടെയാണ് ജാമ്യം നല്‍കിയിരുന്നത്. കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചെന്ന് എസ് എഫ് ഐ നല്‍കിയ പരാതിയില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു.

കല്ലറയില്‍ ഡോക്ടറെ ആക്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ സൈനികന്‍ സ്ത്രീയെ ആക്രമിച്ചതിന് അറസ്റ്റിലായി. ഭരതന്നൂര്‍ സ്വദേശി വിമല്‍ വേണുവിനെയാണ് പാങ്ങോട് പൊലിസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഇയാള്‍ മദ്യപിച്ച് ഒരു വീട്ടില്‍ കയറി വീട്ടമ്മയെയും അമ്മയെയും ആക്രമിച്ചെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്.

വയനാട്ടില്‍ പോക്‌സോ കേസ് ഇരകള്‍ക്കു വൈദ്യപരിശോധന നടത്താന്‍ വിസമ്മതിച്ച് മാനന്തവാടിയിലെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍. മൂന്നു ബാലികമാര്‍ക്കുമൊപ്പം വന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു മണിക്കൂര്‍ കാത്ത് നിന്നിട്ടും പരിശോധന നടത്തിയില്ല. ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.

കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ ഒഡീഷ സ്വദേശികളായ രണ്ടുപേരെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടി. സാംസണ്‍ ഖണ്ഡ, ബന്ധുവായ ഇസ്മായേല്‍ ഖണ്ഡ എന്നിവരെയാണ് എറണാകുളം തടിയിട്ടപറമ്പ് പൊലീസ് ഒഡീഷയിലെത്തി പിടികൂടിയത്.

മലപ്പുറം തിരൂര്‍ കന്മനം ചീനക്കലില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍   കണ്ടെത്തി. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കോട്ടയത്തുനിന്ന് ഇടുക്കി കുമളിയിലെ ഉപഭോക്താവിനെ കാണിക്കാനായി കൊണ്ടുപോയ കാറിന്റെ സ്പീഡോ മീറ്ററില്‍ കൃത്രിമം കാണിച്ചതിന് കോട്ടയത്തെ പോപ്പുലര്‍ ഹുണ്ടായി ഡീലര്‍ക്ക് ലക്ഷം രൂപ പിഴ. കുമളിയില്‍നിന്നു മടങ്ങിപ്പോകവേ,   മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് കാര്‍ പൂജ്യം കിലോമീറ്റര്‍ ഓടിയതായി കണ്ടെത്തിയത്.

വിഴിഞ്ഞം സമരത്തോട് സര്‍ക്കാരിനു നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി. സമരക്കാരെ പ്രകോപിപ്പിക്കാനാണ്  മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം. ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്. ഇത്തരം കേസുകള്‍ക്കൊണ്ടോ ഭീഷണികൊണ്ടോ സമരത്തെ അടിച്ചമര്‍ത്താനാവില്ല. കെ.സി.ബി.സി പറഞ്ഞു.

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 67 വര്‍ഷമാവും പ്രതിയുടെ ശിക്ഷ.

കൊവിഷീല്‍ഡ് വാക്‌സീന് എതിരെ വിവിധ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കോവിഷീല്‍ഡ് കമ്പനിയുടെ ആവശ്യം തള്ളി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് സുപ്രിം കോടതി. കുത്തിവയ്പിനു പിന്നാലെ മലയാളി പെണ്‍കുട്ടി മരിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഹര്‍ജി തള്ളിയതോടെ ഇരകള്‍ക്ക് ഹൈക്കോടതികളില്‍ കേസ് തുടരാം.

ചെന്നൈ താംബരത്ത് ജ്വല്ലറി കുത്തിത്തുറന്ന് ഒരു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മൂന്നുപേരെ രണ്ടു മണിക്കൂറിനകം പൊലീസ് പടികൂടി. ബ്ലു സ്റ്റോണ്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാസംഘം അധികദൂരം സഞ്ചരിച്ചിട്ടില്ലെന്നു മനസിലാക്കിയ പൊലീസ് പ്രദേശത്തെ റോഡുകള്‍ മുഴുവന്‍ അടച്ച് എല്ലാ കെട്ടിടങ്ങളിലും വീടുകളിലും റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സഹായിച്ചു. സമീപത്തെ ഒരു വീട്ടില്‍ ഒളിച്ച അസം സ്വദേശികളായ മൂന്ന് ചെറുപ്പക്കാരെ അറസ്റ്റു ചെയ്തു. ജ്വല്ലറിക്കരികിലുള്ള കൂള്‍ബാറിലെ ജീവനക്കാരനാണ് കവര്‍ച്ചാസംഘത്തിലെ ഒരാള്‍.

ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളെ പിരിച്ചുവിട്ടതല്ല, രാജിവച്ചുപോയതാണെന്ന് മാനേജുമെന്റ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു മറുപടി നല്‍കി. സംഭവത്തെക്കുറിച്ചു കേന്ദ്രം അന്വേഷണം നടത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *