ഇപി ജയരാജനെതിരെ സിപിഎമ്മില്‍നിന്ന് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അമ്പരപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണമാണ് പുറത്തുവന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങളും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളും കള്ളപ്പണ സംഘങ്ങളുമായി സിപിഎം മാറിയെന്നും സതീശന്‍ ആരോപിച്ചു.
വൈനിന്റെ വില്‍പന നികുതി കുറച്ചു. 112 ശതമാനമായിരുന്ന നികുതി 86 ശതമാനമാനമാക്കി. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിനാണ് നികുതി കുറച്ചതെന്ന് ബെവ്‌കോ.
കോട്ടയത്തു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഇല്ല. ഇതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസിക്കു പരാതി നല്‍കി. കോരുത്തോട് ഇന്നു നടക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ ഉദ്ഘാടകനായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് തുടങ്ങിയവരുടെ ചിത്രങ്ങളുണ്ട്.
പുതുവര്‍ഷത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നിരീക്ഷകരെ നിയോഗിച്ചു. മുകുള്‍ വാസ്‌നിക് ആയിരിക്കും പൊതുനിരീക്ഷകന്‍. ബെന്നി ബഹ്നാന്‍ എം പിക്കും മേഘാലയയിലെ നിരീക്ഷകനായിരിക്കും.
അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ഉന്തിയ പല്ലിന്റെ പേരില്‍ വനംവകുപ്പില്‍ ജോലി നിഷേധിച്ചതിന് എസ്‌സി എസ്ടി കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. വനംവന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, പിഎസ് സി സെക്രട്ടറി എന്നിവര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എസ്‌സി എസ്ടി കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
വിദ്യാഭ്യാസ വായ്പ നിഷേധിച്ച എസ്ബിഐ ബാലുശ്ശേരി ശാഖാ മാനേജര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. വായ്പ നല്‍കാമെന്ന ബാങ്കിന്റെ ഉറപ്പില്‍ കര്‍ണ്ണാടക സൂറത് കല്ലിലെ കോളജില്‍ ബിഡിഎസിനു ചേര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് പിന്നീട്, വായ്പ നിഷേധിക്കുകയായിരുന്നു. നന്മണ്ട സ്വദേശി കെ.കെ വിനോദ്കുമാറും എം.പി വന്ദനയും സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിയില്‍ ബാങ്ക് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
എറണാകുളം ബസിലിക്കയില്‍ കുര്‍ബാനയെ സമരത്തിന് ഉപോയിഗിച്ച് അവഹേളിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അച്ചടക്കത്തിന്റെ എല്ലാ അതിര്‍വരമ്പും ലംഘിച്ച് ദേവാലയത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്തി. ഏകീകൃത കുര്‍ബാനക്കെതിരായ സമരങ്ങളില്‍നിന്ന് വൈദികരും വിശ്വാസികളും പിന്മാറണമെന്നും മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.
പോക്‌സോ ഇരകള്‍ രക്ഷപ്പെട്ട കോട്ടയത്തെ നിര്‍ഭയ കേന്ദ്രം പൂട്ടാന്‍ വനിത ശിശു വികസന വകുപ്പ് ഉത്തരവിട്ടു. നടത്തിപ്പുകാരായ മഹിളാ സമഖ്യ സൊസൈറ്റിയെ വകുപ്പിന്റെ സേവനദാതാക്കളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കും. പുതിയ നിര്‍ഭയ കേന്ദ്രം തുടങ്ങാന്‍ മറ്റൊരു എന്‍ജിഒയെ കണ്ടെത്തും. ഇക്കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുടമകളെ കബളിപ്പിച്ചു മുങ്ങുന്ന ‘നക്ഷത്രക്കള്ളന്‍’ തുത്തുകൂടി സ്വദേശി വിന്‍സന്‍ ജോണ്‍ തിരുവനന്തപുരത്ത് പിടിയില്‍. ഇയാള്‍ മോഷ്ടിച്ച ലാപ്‌ടോപ് കൊല്ലത്ത് ചിന്നകടയിലെ ഒരു കടയില്‍നിന്നു കണ്ടെത്തി. 15,000 രൂപയ്ക്കാണ് ലാപ്‌ടോപ്പ് വിറ്റത്. 40,000 രൂപയാണ് ഇയാള്‍ തിരുവന്തപുരത്തെ ഹോട്ടലില്‍ നല്‍കാനുണ്ടായിരുന്നത്. മുംബൈയില്‍ മാത്രം നൂറിലധികം കേസിലെ പ്രതിയാണെന്ന് പൊലീസ്.
ഇടുക്കിയില്‍ പതിമൂന്നുകാരിയോടു ലൈംഗിക അതിക്രമം നടത്തിയ രണ്ടാനച്ഛന് 19 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പകപ്പാറയില്‍ നടന്ന സംഭവത്തില്‍ അടിവാട് സ്വദേശിയായ മധ്യവയസ്‌കനെയാണ് ശിക്ഷിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരന്‍ പിടിയില്‍. ഏലൂര്‍ കോഴിപ്പനാട്ട് പറമ്പില്‍ നിസാമി (24)നെയാണ് ആലുവ പൊലീസ് പിടികൂടിയത്.
തെലുങ്കാനയില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ ‘ഓപ്പറേഷന്‍ കമല’ കേസന്വേഷണം തെലഴങ്കാന ഹൈക്കോടതി സിബിഐക്കു വിട്ടു. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. നൂറു കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയിലേക്കു കൂറുമാറ്റാന്‍ ശ്രമിച്ചെന്നാണു കേസ്.
ഭാരത് ജോഡോ യാത്രയ്ക്കിടെ മുന്‍ പ്രധാനമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിയത് വാജ്‌പേയി അനുസ്മരണദിനത്തിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നാടകമാണെന്നാണ് ബിജെപി പ്രതികരിച്ചത്.
ആത്മഹത്യ ചെയ്ത സീരിയല്‍ നടി ടുണിഷ ശര്‍മ്മയുമായുള്ള പ്രണയബന്ധം തകരാന്‍ കാരണം ശ്രദ്ധാവാക്കര്‍ കൊലക്കേസെന്ന് അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍. രണ്ടു മതസ്ഥര്‍ വിവാഹം ചെയ്യുന്നതിനെതിരായ പൊതുവികാരത്തില്‍ ഭയന്നാണ് പിന്മാറിയതെന്നാണ് കസ്റ്റഡിയിലുള്ള നടന്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മറ്റൊരു ബന്ധമുണ്ടായിരുന്ന നടന്‍ അതു മറച്ചുവച്ച് ടൂണിഷ്യക്ക് വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചതാണ് ആത്മഹത്യക്കു കാരണമെന്ന് ടുണീഷയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
വനമേഖലയില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ച യുവാവിനെ കടുവ കടിച്ചെടുത്തുകൊണ്ടു പോയി തിന്നു. അതിവേഗത്തില്‍ കടിച്ചെടുത്തു പാഞ്ഞുപോയതുകണ്ട് കൂട്ടുകാര്‍ ഭയന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാരോടും വനംവകുപ്പ് അധികാരികളോടും വിവരം അറിയിച്ചു. വനത്തില്‍ കടുവ പാതി തിന്ന മൃതദേഹമാണ് അവര്‍ക്കു ലഭിച്ചത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലെ രാംഗനര്‍ ഫോറസ്റ്റ് ഡിവിഷനിലാണ് ഖത്താരി ഗ്രാമവാസിയായ നഫീസ് (32) എന്നയാളെ കടുവ തിന്നത്.
തായ്‌വാനെ വളഞ്ഞ് ചൈനീസ് പട്ടാളം. 24 മണിക്കൂറിനിടെ തായ്‌വാനു ചുറ്റും 71 യുദ്ധ വിമാനങ്ങളും ഏഴു യുദ്ധക്കപ്പലുകളും നിരത്തിയെന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്ക വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് പ്രാധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ചാണു ചൈനയുടെ പടനീക്കം.