കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും കൈയേറ്റം ചെയ്തു. മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ ജിതേഷ്, കേരളാ വിഷന്‍ ക്യാമറാമന്‍ വസീം അഹമദ്, റിപോര്‍ട്ടര്‍ റിയാസ് എന്നിവരെയാണ് കൈയേറ്റം ചെയ്തത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ കട്ട് ഓഫ് തീയതി അടക്കമുള്ള സാങ്കേതികതയുടെ പേരില്‍ നിരസിക്കരുതെന്ന് ഹൈക്കോടതി. വായ്പാ ബാധ്യത എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ കുട്ടിയുടെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ നടപടിയെടുക്കണെന്നു കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെ ബാറില്‍ മദ്യമപിച്ചശേഷം ജനറല്‍ ആശുപത്രി അടക്കം നഗരത്തില്‍ പലയിടത്തായി കൂട്ടത്തല്ലു നടത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരരാണെന്നു പോലീസ് കണ്ടെത്തി. വധശ്രമത്തിന് കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തു. ബാറിലെ തല്ലിനു കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസും മറ്റൊരു കേസുമെടുത്തിട്ടുണ്ട്. ആശുപത്രികളിലടക്കം നാലു പൊലീസ് സ്റ്റേഷന്‍ പ്രദേശങ്ങളിലായാണ് ഡി വൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടത്തല്ലു നടത്തിയത്.
കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകര്‍ ഇടുക്കി ജില്ലയിലെ ജില്ലയിലെ കോട്ടപ്പാറ, കാറ്റാടിക്കടവ് മലനിരകളില്‍ നിന്ന് പുതിയൊരു സസ്യത്തെ കണ്ടെത്തി. സസ്യശാസ്ത്ര പഠനവിഭാഗം മുന്‍മേധാവിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്പേം ടാക്സോണമി സെക്രട്ടറിയുമായ പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകനായ തൃശൂര്‍ തൈക്കാട്ടുശ്ശേരി രയരോത്ത് വിഷ്ണു മോഹന്‍ എന്നിവരാണ് പുതുസസ്യത്തെ കണ്ടെത്തിയത്. പോളിഗാല ഇടുക്കിയാന എന്നു സസ്യത്തിനു പേരിട്ടു.
പെരിയ കേസില്‍ സി.കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് കൊടും ചതിയെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതയാണ് ശ്രീധരനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ്. സ്ഥിരം നിയമനത്തിനായി പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ടൈറ്റാനിയത്തിലെ ലീഗല്‍ എജിഎം ശശി കുമാരന്‍ തമ്പി, പണം വാങ്ങിയ ദിവ്യ ജ്യോതി,
ഭര്‍ത്താവ് രാജേഷ്, പ്രേം കുമാര്‍, ശ്യാം ലാല്‍ എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസും വെഞ്ഞാറമൂട് പൊലീസുമാണ് കേസെടുത്തത്. 29 പേരില്‍ നിന്നും ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പൊലീസ്.
കൊട്ടാരക്കര നെടുവത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. പൊള്ളലേറ്റ എഴുകോണ്‍ സ്വദേശിനി ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് അഖില്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അകന്നു കഴിയുകയായിരുന്നു
തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ മദ്യലഹരിയില്‍ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേല്‍പിച്ചു. അതിക്രമം നടത്തിയ ആലപ്പുഴ സ്വദേശിയായ ഹരിയെ അറസ്റ്റു ചെയ്തു. കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനു തുടര്‍ച്ചയായി അനില്‍, മുരളി, നിഥിന്‍ എന്നിവരെയാണു ബ്ലേഡുകൊണ്ട് വരഞ്ഞത്.
കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണെങ്കിലും കാസര്‍കോട്ട് പോലീസിന്റെ വലയില്‍നിന്ന് അന്തര്‍ സംസ്ഥാന കുറ്റവാളി രക്ഷപ്പെട്ടു. കാസര്‍കോട് ജില്ലയിലും കര്‍ണ്ണാടകത്തിലുമായി നിരവധി കേസുകളില്‍ പ്രതിയായ പനയാല്‍ പെരിയാട്ടടുക്കയിലെ എ എച്ച് ഹാഷി (41) മാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
വയനാട് കാട്ടിക്കുളം പനവല്ലി റോഡില്‍ കുണ്ടത്തില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളില്‍നിന്നു രാജവെമ്പാലയെ പിടികൂടി. വനപാലകരുടേയും, നാട്ടുകാരുടേയും സാന്നിധ്യത്തില്‍ പാമ്പുവിദഗ്ധന്‍ സുജിത്താണ് പാമ്പിനെ പുറത്തെടുത്തത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം ആം ആദ്മി പാര്‍ട്ടിയുടെ പാവനാടകമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ‘രാഹുല്‍ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദര്‍ശിച്ചു. ഒരിക്കല്‍ മാത്രം, സംസ്ഥാനത്ത് ഒരു സന്ദര്‍ശനംകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ’. ഭഗവന്ത് മാന്‍ ചോദിച്ചു.
മുംബൈയിലെ ഘാട്കോപ്പര്‍ പ്രദേശത്തെ പരേഖ് ഹോസ്പിറ്റലിനു സമീപമുള്ള ജൂേണാസ് പിസ്സ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. എട്ട് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണു തീയണച്ചത്.
കാപ്പിറ്റോള്‍ കലാപങ്ങളുടെ പേരില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനൊരുങ്ങി അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം എന്നീ മൂന്നു കുറ്റങ്ങളാണു ചുമത്തുക. ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിന് 50 കിലോമീറ്റര്‍ വടക്കുള്ള ബതാങ് കാലി പട്ടണത്തിനടുത്തുള്ള ഓര്‍ഗാനിക് ഫാമില്‍ ഉരുള്‍പൊട്ടി ആറു കുട്ടികളടക്കം 23 പേര്‍ മരിച്ചു. പത്തു പേരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.