ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലിനെച്ചൊല്ലി നിയമസഭയില്‍ വാദപ്രതിവാദം. ബില്ലിലെ വ്യവസ്ഥകള്‍ പലതും കേന്ദ്ര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും ഗവര്‍ണര്‍ക്കു പകരം ഏര്‍പ്പെടുത്തുന്ന ബദലിനെ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന് മാതൃകയില്‍ മുഖ്യമന്ത്രി സര്‍വകലാശാലകളുടെ ചാന്‍സലറാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ചാന്‍സലറായ ഗവര്‍ണര്‍ക്കു കുട്ടിക്കളിയാണോയെന്നു ഹൈക്കോടതി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച കോടതി ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പക്വമായി കൈകാര്യം ചെയ്യണമെന്നു കോടതി പറഞ്ഞു. ഗവര്‍ണര്‍ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കി പകരം ചാന്‍സലറെ നിയമിക്കുമ്പോള്‍ ആറു സര്‍വകലാശാലകളില്‍ അധികച്ചെലവ് ഉണ്ടാകില്ലെന്ന് മന്ത്രി പി. രാജീവ്. നിയമസഭയില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നതിനുള്ള ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 828 പൊലിസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസിലെ പ്രതികളാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസില്‍ ഉള്‍പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ ഉള്ളത്. 99 പേരാണ് ആലപ്പുഴ ജില്ലയിലെ ക്രിമിനല്‍ പോലീസ്.
വിഴിഞ്ഞം തുറമുഖ കവാടത്തെ സമരപ്പന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചത്. പൊലീസ് ബാരിക്കേഡുകളും നീക്കി. 113 ദിവസമാണ് തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്തത്. നാളെ മുതല്‍ തുറമുഖ നിര്‍മാണസാമഗ്രികള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കും. തുറമുഖം നിര്‍മാണം പുനരാരംഭിക്കുകയും ചെയ്യും.
തുറമുഖ വിരുദ്ധ സമരം അവസാനിപ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിക്കുകയും പായസ വിതരണം നടത്തുകയും ചെയ്ത തുറമുഖ അനുകൂല ജനകീയ സമിതി പ്രവര്‍ത്തകര്‍ ആവശ്യങ്ങളുമായി രംഗത്ത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമര പന്തല്‍ പൊളിക്കില്ലെന്നു സമരസമിതി നേതാവ് വെങ്ങാനൂര്‍ ഗോപന് പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ ആറു പേര്‍ക്കു ധനസഹായം നല്‍കണമെന്നാണ് പ്രധാന ആവശ്യം.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തില്‍ മരിച്ച അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടെടുത്ത ബന്ധുക്കളുമായി സംസാരിക്കാന്‍ കളക്ടറും എസ്പിയും മെഡിക്കല്‍ കോളേജിലെത്തി. കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണു മരിച്ചത്.
പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേടില്ലെന്നു കുസാറ്റ് യൂണിവേഴ്സിറ്റി. ആരോപണ വിധേയയായ ഡോ. ഉഷ അരവിന്ദന്റെ നിയമനം യുജിസി ചട്ടം പാലിച്ചുകൊണ്ടാണെന്നും സെലക്ഷന് കമ്മിറ്റിക്കു സാധുതയുണ്ടെന്നുമാണ് കുസാറ്റ് വിശദീകരണം. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുസാറ്റ് വ്യക്തമാക്കി.
കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് അധ്യക്ഷനായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയെ തെരെഞ്ഞെടുത്തു. മാര്‍ പോളി കണ്ണുക്കാടനാണ് വൈസ് പ്രസിഡന്റ്. ഡോ. അലക്സ് വടക്കുംതലയെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തങ്ങള്‍ എതിരല്ലെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുകയാണ് ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കണമെന്നും കര്‍ദനിനാള്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന് ലോക്സഭയില്‍. സമരം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. മത്സ്യത്തൊഴിലാളി സമൂഹം വികസനത്തിനെതിരാണെന്നു സംസ്ഥാന സര്‍ക്കാര്‍ ആക്ഷേപിക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി.
എസ് എന്‍ കോളേജിലുണ്ടായ എസ്എഫ്ഐ – എഐഎസ്എഫ് സംഘര്‍ഷത്തില്‍ 14 പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് എഐഎസ്എഫ് ആരോപിച്ചു. അക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎസ് എഫ് നാളെ കൊല്ലം ജില്ലയില്‍ പഠിപ്പു മുടക്കും.
സംഭാവന നല്‍കാത്തതിന് മര്‍ദിച്ചെന്ന് ആരോപിച്ച് ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ സ്മിതേഷിനെതിരേ കേസ്. ഇന്‍കംടാക്സ് അസിസ്റ്റന്റ് രമേശിന്റെ പരാതിയിലാണു കേസ്. എന്നാല്‍ രാത്രിയില്‍ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതു ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണു സ്മിതേഷ് പറയുന്നത്.
അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്നു പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏക പക്ഷീയമായ മാറ്റങ്ങള്‍ വരുത്തരുതെന്നാണ് നയതന്ത്ര തല ചര്‍ച്ചകളിലെ ധാരണ. മാറ്റങ്ങള്‍ വരുത്താനോ, സേനാ ബലം കൂട്ടാനോ ശ്രമിച്ചാല്‍ ചൈനയുമായുള്ള ബന്ധം കൂടുതല്‍ മോശമാകുമെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പു നല്കി.
സുപ്രീംകോടതി മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പുറത്തിറക്കി. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0’ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാക്കിയത്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും കെട്ടിക്കിടക്കുന്ന കേസുകളുടെ സ്ഥിതി അറിയാനാകും. എല്ലാ അഭിഭാഷകര്‍ക്കും തത്സമയം കേസ് നടപടികള്‍ കാണാനും സാധിക്കും.
പതിനഞ്ചു വര്‍ഷമായി ബിജെപി അടക്കി ഭരിച്ചിരുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. 250 സീറ്റുകളില്‍ 132 സീറ്റും തൂത്തുവാരിയ ആം ആദ്മി കേവലഭൂരിപക്ഷം നേടി. ബി.ജെ.പി 103 സീറ്റുകളില്‍ വിജയം നേടി. കോണ്‍ഗ്രസിന് വെറും ആറു ഡിവിഷനുകളില്‍ മാത്രമാണ് വിജയിച്ചത്.
നോട്ട് നിരോധനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നു കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തെ അവസാനത്തെ പൗരനുവരെ ലഭ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിശന്ന വയറുമായി ആരും കിടന്നുറങ്ങേണ്ടി വരില്ലെന്ന് ഉറപ്പാക്കണം. ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികളുടേയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും കണക്ക് കോടതിയെ അറിയിക്കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം നാളെ. രണ്ടിടത്തും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 30 നേതാക്കള്‍ക്കെതിരെ കൂട്ട നടപടിയുമായി കോണ്‍ഗ്രസ്. 30 പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നിയമസഭ വേണമെന്ന് പി.പി മൊഹമ്മദ് ഫൈസല്‍ എംപി ലോക്സഭയില്‍. നാടിന്റെ ദീര്‍ഘകാല ആവശ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. കരഘോഷത്തോടെയാണ് എംപിമാര്‍ ഈ ആവശ്യത്തോടു പ്രതികരിച്ചത്.
ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലാണ് കൊല്ലപ്പെട്ടത്. ഭാര്യ ചൈത്ര (28), കാമുകന് ചലപതി (35), വാടക കൊലയാളിയായ പൃഥ്വിരാജ് (26) എന്നിവരാണു പിടിയിലായത്.
ഡല്‍ഹി ഗുരുഗ്രാമില്‍ ഇരുപത്തൊന്നുകാരനായ യുവസംരംഭകനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രമുഖ യൂട്യൂബര്‍ താരം അറസ്റ്റില്‍. നംറ ഖാദിര്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് വിരാട് ബെനിവാളിനെ പൊലീസ് തെരയുന്നു. ഇരുവരും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരങ്ങളാണ്. ഇന്‍സ്റ്റഗ്രാമില്‍ നംറ ഖാദിറിന് യൂട്യൂബില്‍ ആറു ലക്ഷം ഫോളോവേഴ്സും രണ്ട് ലക്ഷം ഫോളോവേഴ്സുമുണ്ട്.
കടുവാ സങ്കേത പ്രദേശത്തെ റോഡിലൂടെ സഞ്ചരിക്കവേ കാട്ടാനക്കു കരിമ്പ് നല്കിയ ട്രക്ക് ഡ്രൈവര്‍ക്ക് 75,000 രൂപ പിഴ. തമിഴ്നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിനു കീഴിലുള്ള ഹസനുരുവില്‍ കാട്ടിലൂടെ കരിമ്പ് ലോഡുമായി പോകുകയായിരുന്ന ഡ്രൈവര്‍ നഞ്ചന്‍കോട് സ്വദേശി സിദ്ധരാജു ആനയ്ക്കു കരിമ്പ് കൊടുത്തത്. വീഡിയോയെടുത്ത് പ്രചരിപ്പിച്ചതോടെയാണ് കേസും പിഴശിക്ഷയും നല്‍കിയത്.
ജര്‍മ്മിനിയില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ച 25 അംഗ സംഘം പിടിയില്‍. സ്ത്രീകളടക്കമുള്ള സംഘത്തിന്റെ മേധാവി ഹെന്റിച്ച് പതിമൂന്നാമന്‍ രാജകുമാരന് എന്നറിയപ്പെടുന്നയാളാണ്. ഇതിനായി നിഴല്‍ മന്ത്രിസഭയും സംഘം രൂപീകരിച്ചിരുന്നു.