റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി വേരിയന്റിനെ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ വില്‍പനയ്ക്കുവച്ചു. 3.0 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുള്ള മോഡലും കൂട്ടത്തിലുണ്ട്. ആറുമുതല്‍ എട്ടു മാസത്തിനകം ഇന്ത്യന്‍ റോഡുകളില്‍ റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി വേരിയന്റ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റേഞ്ച് റോവറിന്റെ ഏറ്റവും ശക്തമായ 635എച്ച്പി, 800എന്‍എം, 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനുള്ള കാറാണ് റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി. ഫോര്‍വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന കാറില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ വെറും 3.6 സെക്കന്‍ഡ് മതി ഈ വാഹനത്തിന്. പരമാവധി വേഗത മണിക്കൂറില്‍ 290 കിലോമീറ്റര്‍. സാധാരണ സ്പോര്‍ട് മോഡലിനെ അപേക്ഷിച്ച് ചെറിയ രീതിയില്‍ മാത്രമേ ഡിസൈനില്‍ മാറ്റങ്ങളുള്ളൂ. കൂടുതല്‍ വലിയ മുന്‍-പിന്‍ഭാഗങ്ങളും പുതിയ മുന്‍- പിന്‍ ബംപറുകളും ഗ്രില്ലിലെ മാറ്റങ്ങളും ഡ്യുല്‍ ട്വിന്‍ എക്സ്ഹോസ്റ്റും സ്പോര്‍ട് എസ് വിയിലുണ്ട്. മുന്നിലെ ഡിസൈനിലെ മാറ്റം വി8 എന്‍ജിനും ബ്രേക്കുകള്‍ക്കും വേണ്ട അധിക കൂളിങ് സംവിധാനത്തെക്കൂടി കണക്കാക്കിയുള്ളതാണ്.