കർക്കടകം ഒന്നു മുതൽ രാമായണമാസാചരണം നടക്കുന്നു. രാമായണത്തെക്കുറിച്ച് ഇനിയും അറിയേണ്ടതെല്ലാം അറിയാകഥകളിലൂടെ നമുക്ക് ഒന്ന് നോക്കാം…..!!!
ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം . രാമന്റെ യാത്ര എന്നാണ് രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം.
ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമന്റെയും, ഭരതന്റെയും കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.
ഒരു നൂറ്റാണ്ടിനു മുൻപ്മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്.
പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ് എന്ന വാദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു.
രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ കൂടുതലും കാണുന്നത് ബാല കാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും ഇതിനുള്ള തെളിവാണ്. പല ഗ്രന്ഥകർത്താക്കളും തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല.രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ് രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു.
രാമായണം കാവ്യരൂപത്തിൽ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതിഹ്യം പറയുന്നത്അനുസരിച്ച് വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ് വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം ഇങ്ങനെയായിരുന്നു, ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ് നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.
എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.പിന്നീടൊരിക്കൽ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. അദ്ദേഹത്തിന്റെ ഉള്ളിലുള്ള വികാരം ഒരു ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു എന്നാണ് പറയപ്പെടുന്നത്.
ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതിൽ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദമുണ്ട്.വാല്മീകി മഹർഷിയാണ് രാമായണത്തിന്റെ രചയിതാവ് എന്നാണ് ലഭിച്ചിട്ടുള്ള രേഖകളിൽ നിന്ന് അനുമാനിക്കുന്നത്. പാരമ്പര്യമനുസരിച്ച് അദ്ദേഹം ആദ്യം ഒരു കൊള്ളക്കാരനായിരുന്നു. എന്നാൽ സന്യാസം സ്വീകരിച്ച ശേഷം ദീർഘകാലത്തെ തപസ്സിനു ശേഷം അദ്ദേഹം രാമായണം രചിക്കാനുള്ള സാമർത്ഥ്യം നേടിയെടുത്തു. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു. ഇതു സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. എന്നാൽ ഇതിന്റെ പ്രാചീനതയെക്കുറിച്ച് സന്ദേഹമുയർന്നിട്ടുണ്ട്. കാരണം സ്കന്ദപുരാണത്തിലെ കൂടുതൽ വിവരങ്ങളും എട്ടാം നൂറ്റാണ്ടിനുശേഷമുള്ളതാണ് എന്നതും ധാരാളം പ്രക്ഷിപ്തങ്ങൾ കലർന്നതുമാണെന്നതാണ്.
പ്രമാണിക രാമായണത്തിൽ യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയിലല്ലാതെ ഒരിടത്തും വാല്മീകിയെക്കുറിച്ച് പ്രസ്താവമില്ല. എന്നാൽ പിന്നീടെഴുതപ്പെട്ട രാമായണത്തിൽ ബാലകാണ്ഡത്തിലും, ഉത്തരകാണ്ഡത്തിലും പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. മഹാഭാരതത്തിലെ അനുശാസനപർവ്വത്തിൽ ഒരു വാദത്തിൽ വാല്മീകിയെ ബ്രഹ്മഘ്നൻ എന്നാക്ഷേപിക്കുന്നുണ്ട്. വാല്മീകി കൊള്ളക്കാരനായിരുന്നു എന്ന കഥകൾ പ്രചരിപ്പിക്കാൻ ഈ അനുമാനമായിരിക്കണം എന്നു പൂർവികർ അഭിപ്രായപ്പെടുന്നു.
ബാലകാണ്ഡത്തിന്റേയും, ഉത്തരകാണ്ഡത്തിന്റേയും രചനയോടെയാണ് ആദികവി വാല്മീകിയും, മഹർഷി വാല്മീകിയും ഒന്നാണെന്ന ധാരണ പരക്കെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. ബാലകാണ്ഡത്തിന്റെ പ്രാരംഭത്തിൽ വാല്മീകി നാരദനിൽ നിന്ന് രാമകഥ കേൾക്കുന്നതിനിടയായതിനേയും പിന്നീടു രാമായണം എഴുതിയശേഷം ഗായകരായ തന്റെ രണ്ട് ശിഷ്യന്മാരോട് രാമകഥ പ്രചരിപ്പിക്കാൻ നിർദ്ദേശിച്ചതിനേയും സൂചിപ്പിച്ചിരിക്കുന്നു.
ഉത്തരകാണ്ഡത്തിൽ സീതാ പരിത്യാഗത്തിനുശേഷം സീതയെ വാല്മീകി സംരക്ഷിക്കുന്നതിനേയും മറ്റും പറയുന്നു. ഉത്തരകാണ്ഡത്തിൽ വാല്മീകി താൻ പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണെന്ന് പറയുന്നു. അനേകായിരം വർഷം അദ്ദേഹം തപസ്സു ചെയ്തിരുന്നുവെന്നും സൂചിപ്പിക്കുന്നു. എന്നാൽ ഉത്തരകാണ്ഡത്തിന്റെ രചയിതാവായ വാല്മീകി ഒരു കൊള്ളക്കാരനായിരുന്നു എന്ന കഥ സ്വീകാര്യമായിരുന്നില്ല എന്ന അനുമാനമാണ് ഇതു നൽകുന്നത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ആദികവിയും വാല്മീകി മഹർഷിയും ഒന്നാണെന്നത് സർവ്വസമ്മതമായി തുടങ്ങുകയും വാല്മീകിയെ രാമായണത്തിന്റെ സംഭവങ്ങളുടെ സമകാലീനാക്കിത്തീർക്കുകയും ചെയ്തു തുടങ്ങി. ഉത്തരകാണ്ഡത്തിന്റെ രചനാകാലത്ത് വാല്മീകിയും അയോദ്ധ്യയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചു തുടങ്ങി. വാല്മീകിയെ ദശരഥന്റെ സുഹൃത്തായും ചിത്രീകരിക്കുന്നു.
പില്ക്കാലത്തെ പലരചനകളിലും വാല്മീകിയും ഭാർഗ്ഗവ ച്യവനമഹർഷിയും ഒന്നാണെന്ന സങ്കല്പം പ്രചരിച്ചു തുടങ്ങി. ച്യവനമഹർഷി അനേകായിരം വർഷം തപസ്സിരുന്ന് ശരീരം മുഴുവൻ ചിതല്പുറ്റ് വന്നു മൂടിയെന്ന കഥ വാല്മീകിയുമായി ബന്ധപ്പെടുത്തിക്കാണുന്നു.വാല്മീകി എഴുതിയ രാമായണത്തിനും രണ്ടാമത്തേതിനും തമ്മിൽ വളരെക്കാലത്തെ അന്തരം കാണുന്നുണ്ട്.
വാല്മീകി രാമായണത്തിലെ പാഠങ്ങൾ എല്ലാം ഒരുപോലെയല്ല. ഇന്ന് വാല്മീകിരാമായണത്തിന് മൂന്ന് പാഠഭേദങ്ങൾ നിലവിലുണ്ട്. ആദ്യത്തേത് ദാക്ഷിണാത്യപാഠം, തെക്കൻ പതിപ്പ്; കൂടുതൽ പ്രചാരത്തിലുള്ള പതിപ്പാണിത്. രണ്ടാമത്തേത് ഗൗഡീയപാഠം: ഗോരേസിയോ (പാരീസ്) പതിപ്പും കൽക്കട്ട സംസ്കൃത സിരീസിന്റെ പതിപ്പും അടങ്ങിയതാണ്. മൂന്നാമത്തെ പശ്ചിമോത്തരീയ പാഠം: ദയാനന്ദമഹാവിദ്യാലയ (ലാഹോർ) ത്തിന്റെ പതിപ്പ്.ഒരോ പാഠത്തിലും മറ്റു പാഠങ്ങളിലില്ലാത്ത ധാരാളം ശ്ലോകങ്ങൾ കാണുന്നുണ്ട്. ദാക്ഷിണാത്യപാഠവും ഗൗഡീയപാഠവും താരതമ്യപ്പെടുത്തുമ്പോൾ ശ്ലോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നും മാത്രമേ ഓരോന്നിലും ഓരോ പാഠത്തിലും കാണപ്പെടുന്നുള്ളൂ. വാല്മീകി രാമായണം പ്രാരംഭകാലത്ത് വാമൊഴിയായി പ്രചരിച്ച് വിഭിന്ന തലമുറകളിലൂടെ പ്രചരിച്ച് ലേഖനവിദ്യ നടപ്പിലായ കാലത്ത് വരമൊഴിയിലായിത്തീർന്നതാവണം ഈ പാഠഭേദങ്ങൾക്ക് കാരണം എന്നും വിശ്വസിക്കപ്പെടുന്നു.
രാമായണത്തെക്കുറിച്ച് ഇനിയും ഏറെ അറിയാനുണ്ട്. അവയെല്ലാം അറിയാ കഥകളുടെ അടുത്ത ഭാഗങ്ങളിലൂടെ നിങ്ങൾ കരികിലേക്കെത്തും. അതിനായി കാത്തിരിക്കുക.