തമിഴ് രാമായണത്തെക്കുറിച്ചും തെലുങ്കു രാമായണത്തെക്കുറിച്ചും അറിയാത്ത കളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെ നിങ്ങൾ മനസ്സിലാക്കിയല്ലോ. ഇനി ഇന്ന് നമുക്ക് മലയാളരാമായണം എന്താണെന്ന് നോക്കാം…!!!
രാമചരിതം-യുദ്ധകാണ്ഡത്തെ ആസ്പദമാക്കി12-ാം ശതകത്തിൽ എഴുതപ്പെട്ട ഒരു പാട്ടുകൃതി ആണ് മലയാള രാമായണം. ചീരാമകവിയാണ് ഈ കൃതിയുടെ രചയിതാവ്.
കണ്ണശ്ശരാമായണം- 14-ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കണ്ണശ്ശപ്പണിക്കർ രചിച്ച കാവ്യമാണ് കണ്ണശ്ശ രാമായണം.
രാമായണം ചമ്പു- ക്രി.വ.1500 ൽ പുനം നമ്പൂതിരി മണിപ്രവാളശൈലിയിൽ എഴുതിയ ചമ്പൂകാവ്യം ആണിത് .
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്- 1575 നും 1650 നും ഇടക്ക് എഴുത്തച്ഛൻ രചിച്ചതാണിത്. ഈ ഗ്രന്ഥമാണ് മലയാളികൾക്കിടയിൽ കൂടുതൽ ജനപ്രീതിയാർജ്ജിച്ചത്.
രാമായണം ആട്ട കഥ – കൊട്ടാരക്കരത്തമ്പുരാൻ രചിച്ച ഈ ആട്ടക്കഥ വാല്മീകിരാമായണത്തിന്റെ സ്വതന്ത്രതർജ്ജമയാണ്.
മാപ്പിള രാമായണം – മലബാറിലെ മാപ്പിളമാർക്കിടയിൽ വാമൊഴിയായി പ്രചരിച്ചിരുന്ന കാവ്യകൃതിയാണ് മാപ്പിള രാമായണം . മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ ചൊല്ലപ്പെടുന്ന പദ്യത്തിന്റെ സാരാംശം രാമായണത്തിലെ വിവിധ കഥാസന്ദർഭങ്ങളാണ്.
ആദിവാസി രാമകഥകൾ എന്നൊരു വിഭാഗം കൂടിയുണ്ട്, അത് എന്താണെന്ന് നോക്കാം.ആദിവാസികളുടെ സാഹിത്യം സുരക്ഷിതമായിരുന്നിട്ടില്ലാത്തതിനാൽ അതിന്റെ മൂലരൂപം അന്വേഷിക്കുന്നത് ശ്രമകരമായിരിക്കും. രാമായണത്തിലെ വാനരന്മാർ, ഋക്ഷന്മാർ, രാക്ഷസന്മാർ എന്നിവർ വാസ്തവത്തിൽ ആദിവാസികളോ ദക്ഷിണേന്ത്യയിലെ ആദ്യകാല വാസികൾ തന്നേയോ ആണെന്ന് കാമിൽ ബുൽകേ പറയുന്നു.
ആദിവാസികൾക്കിടയിൽ പൂർണ്ണരൂപത്തിൽ രാമായണം പ്രചാരമില്ലെങ്കിലും നിരവധി ഉപകഥകൾ അവർ ഇന്നും വായ്മൊഴിയായി പകർന്നു പോരുന്നു. പലജാതികളും ശബരിയുടെ ഐതിഹ്യങ്ങൾ വിശ്വസിക്കുന്നുണ്ട്. ബോഡോ ജാതിയിൽ സീതാത്യാഗത്തിന്റെ കാര്യത്തിൽ രജകന്റെ കഥയുടെ വികൃതരൂപം ലഭിക്കുന്നു. ഉംറാവ് ജാതിയിൽ ലങ്കാ ദഹനത്തിന്റെ കഥക്ക് ഒരു പുതിയ രൂപം പ്രചാരത്തിലുണ്ട്.
ബീഹാറിലെ സാന്ധാൾ വംശത്തിൽ പെട്ടവരുടെ (ഹരപ്പൻ നിവാസികളുടെ പിൻഗാമികൾ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു) ഇടയിൽ പ്രചാരമുള്ള രാമകഥക്ക് രാമായണവുമായി അടുത്ത സാമ്യമുണ്ട്. അതിപ്രകാരമാണ്‌ഗുരുവിന്റെ ആജ്ഞാനുസരണം മാമ്പഴം തിന്ന ദശരഥപത്നിമാർ ഗർഭിണികളായിത്തീരുന്നത്.കൈകേയിയുടെ ഗർഭത്തിൽ നിന്ന് ഭരതശത്രുഘ്നന്മാർ ജനിക്കുന്നു.രാവണവധത്തിനു ശേഷം മടങ്ങി വന്ന രാമൻ സന്ധാളരുടെ സ്ഥലത്ത് താമസിക്കുകയും ശിവക്ഷേത്രം സ്ഥാപിക്കുകയും അവിടെ ദിവസവും സീതയോടൊത്ത് പൂജ ചെയ്യുകയും ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
സീതാന്വേഷണം നടത്തുന്ന സമയത്ത് അണ്ണാൻ കുഞ്ഞിനും ഇലന്തമരത്തിനും രാമൻ വരങ്ങൾ നൽകുന്നത്, കൊക്കിനു ശിക്ഷ നൽകുന്നത്, ലക്ഷ്മണനും ഹനുമാനും ആദ്യം കണ്ടുമുട്ടുമ്പോൾ ദ്വന്ദ്വയുദ്ധം നടത്തുന്നത്, ഹനുമാൻ രാമബാണത്തിന്റെ സഹായത്തോടെ സമുദ്രം താണ്ടുന്നത് തുടങ്ങിയ കഥകൾ ആദിവാസികൾക്കിടയിൽ പ്രചരിച്ചിട്ടുണ്ട്
ശരശ്ചന്ദ്രറായി രചിച്ച ദി ബീർഹോർസ് എന്ന ഗ്രന്ഥത്തിൽ ബീർഹോർസ് എന്ന ആദിവാസി ജാതിയിൽ പ്രചാരത്തിലുള്ള രാമകഥയെപ്പറ്റി പ്രസ്താവം ഉണ്ട്. അതിൻ പ്രകാരം ദശരഥന് 7 ഭാര്യമാരാണുള്ളത്. സീത മുറ്റം മെഴുകുന്നതിനായി ശിവന്റെ വില്ല് ഉയർത്തുന്നതും സീതാന്വേഷണത്തിലെ അണ്ണാൻ കുഞ്ഞ്, ഇലന്ത മരം, കൊക്ക് എന്നിവയെ പറ്റിയും പ്രസ്താവമുണ്ട്. എന്നാൽ ഈ കഥയിൽ രാവണനെ വധിക്കുന്നത് ലക്ഷ്മണനാണ്.
മുണ്ഡാ ജാതിയിൽ പ്രചരിച്ചിട്ടുള്ള കഥയിലും കൊക്കിന്റെ കഴുത്ത് രാമൻ വലിച്ചു നീട്ടി അതിനെ ശിക്ഷിക്കുന്നതിന്റേയും ഇലന്തമരം സീതയുടെ സാരിയുടെ കഷണങ്ങൾ രാമനു നൽകി അനശ്വരതയുടെ വരം നേടുന്നതും മറ്റും ഉണ്ട്. അണ്ണാൻ കുഞ്ഞ് സീതയുടെ മാർഗ്ഗം പറഞ്ഞു കൊടുക്കുന്നതിനാൽ രാമൻ തലോടുന്നതായാണ് അവരുടെ കഥകളിൽ ഉള്ളത്.
മദ്ധ്യപ്രദേശിലെ ബൈഗാ-ഭൂമിയ എന്ന ജാതികളിൽ പ്രചാരത്തിലുള്ള ഐതിഹ്യം സീതയെ കൃഷിയുടെ അധിഷ്ഠാനദേവതയുമായി ബന്ധപ്പെടുത്തുന്നു. അതനുസരിച്ച് മാതാവായ ജാനകിയുടെ കൈവിരലിൽ ആറു വിരലുകൾ ഉണ്ടായിരുന്നു എന്നും അതിലൊന്ന് മുറിച്ച് ഭൂമിയിൽ നട്ടതിൽ നിന്നാണ് ലോകത്തിലെ എല്ലാ ഇനങ്ങളിലുമുള്ള വിത്തുകൾ മുളച്ച് വന്നതെന്നും കാണുന്നു. ഇതൊക്കെയാണ് മലയാള രാമായണത്തിൽ പറഞ്ഞു പോകുന്നത്. രാമായണത്തെക്കുറിച്ച് ഇനിയും ധാരാളം അറിയാനുണ്ട്. അവയെല്ലാം അറിയാ കഥകളുടെ ഓരോ ഭാഗങ്ങളിലൂടെയും നിങ്ങൾക്കരികിലേക്കെത്തും.