rajbhavan 1

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചില്ലെന്ന് രാജ്ഭവന്‍. ചട്ടമനുസരിച്ച് ഗവര്‍ണറെ കണ്ട് വിവരങ്ങള്‍ അറിയിക്കണം. രേഖാമൂലം വിവരങ്ങള്‍ കൈമാറുകയും വേണം. ഇത്തവണ അതു ചെയ്തില്ലെന്നു രാജ്ഭവന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തനിക്കു തടയിടാനാകാം വരണാധികാരി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ശശി തരൂര്‍. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്‍ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചതു ശരിയായ നടപടിയല്ല. മുതിര്‍ന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തില്‍ പര്യടനത്തിനിറങ്ങിയ തരൂര്‍ പറഞ്ഞു.

ജപ്പാനിലേക്കു മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല്‍ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില്‍ പരിഭ്രാന്തി. വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗര്‍ഭ അറകളിലേക്കുമാറ്റി. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ അപലപിച്ചു.

ആശ്രിത നിയമനം അവകാശമല്ലെന്നും ആനുകൂല്യമാണെന്നും സുപ്രിംകോടതി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയില്‍ ആശ്രിതനിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.

നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പ്രതികളായ ബി.കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെയാണു വെറുതെ വിട്ടത്. രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്ന് രാധയുടെ ആഭരണങ്ങള്‍ കണ്ടെത്തിയതടക്കമുള്ള തെളിവുകള്‍ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാം പ്രതി ബിജുവിന്റെ വഴിവിട്ട ബന്ധങ്ങള്‍ അറിയാതിരിക്കാനാണ് രാധയെ കൊന്നതെന്നതിനു തെളിവുണ്ടെന്നും അപ്പീലില്‍ പറയുന്നു.

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി എഴുതിയവരെന്നു സംശയിക്കുന്ന പ്രതികളായ നാലു ഇറ്റലിക്കാരെ ഗുജറാത്ത് പൊലീസ് പിടികൂടി. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി എഴുതിയതു കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. റെയില്‍വേ ഗൂണ്‍സ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദില്‍ അറസ്റ്റിലായത്. സ്പ്രേ പെയിന്റുകൊണ്ടാണ് ഗ്രാഫിറ്റി ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ടം യാര്‍ഡില്‍ ഇവര്‍ ‘ബേണ്‍’, ‘സ്പ്ളാഷ്’ എന്നീ വാക്കുകള്‍ ഗ്രാഫിറ്റി ചെയ്തത്.

കൊല്ലം പരവൂരില്‍ കാറിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.

പ്രകൃതി ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ടെത്താന്‍ കോഴിക്കോട് ഗവേഷണ കേന്ദ്രം. കുന്ദമംഗലത്തെ ജലഗവേഷണ കേന്ദ്രമായ സിഡബ്ള്യു ആര്‍ഡിഎമ്മിലാണ് സംസ്ഥാനത്തെ ദുരന്ത സാധ്യതകള്‍ പ്രവചിക്കാനുളള ഗവേഷണ കേന്ദ്രം സജ്ജമാക്കുന്നത്. കാലാവസ്ഥാ മാറ്റവും പ്രകൃതിദുരന്തങ്ങളുമെല്ലാം കേരളത്തില്‍ തുടര്‍ക്കഥയായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ പ്രകൃതി ദുരന്ത നിവാരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *