ഭാരത് ജോഡോ യാത്രയ്ക്കിടെ മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടിക്കൊടുത്തുവെന്ന് ബി ജെ പി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. എന്നാൽ യാഥാർത്ഥ്യം എന്തെന് കോൺഗ്രസ് വിശദീകരിച്ചപ്പോൾ ബി ജെ പി വെട്ടിലായി. ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന് മാളവ്യയോട് ആവശ്യപ്പെട്ട ജിതേന്ദ്ര സിങ്, ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി.
ഇന്നലെയാണ്
മാളവ്യ വിഡിയോ ട്വീറ്റ് ചെയ്തത്. ‘‘മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടാൻ മുട്ടുകുത്തി നിൽക്കുന്നു. സ്വയം കെട്ടുന്നതിനു പകരം അഹങ്കാരിയായ രാഹുൽ , അദ്ദേഹത്തിന്റെ മുതുകിൽ തട്ടുന്നു’’– എന്നെഴുതി രാഹുൽ ഗാന്ധിയുടെ വീഡിയോ പങ്കു വച്ചു.
പിന്നാലെ, തന്റെ ഷൂ ലെയ്സ് അഴിഞ്ഞത് കാട്ടിത്തന്നത് രാഹുൽ ഗാന്ധിയാണെന്നും അത് താൻ സ്വയം കെട്ടുകയാണ് ചെയ്തതെന്നും ആ നേരം രാഹുൽ എനിക്കായി കാത്തു നിന്നു എന്നുമാണ് വസ്തുത എന്നെഴുതി ജിതേന്ദ്ര സിങ് രംഗത്തെത്തി.
തുടർന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ്, രാഹുൽ ഗാന്ധി ധരിച്ച ലേസ് ഇല്ലാത്ത ഷൂവിന്റെ ഫോട്ടോയും ട്വീറ്റ് ചെയ്തു.