മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2001 ല്‍ പുറത്തെത്തിയ ‘രാവണപ്രഭു’ റീ റിലീസിനൊരുങ്ങുന്നു. 4കെ, ഡോള്‍ബി അറ്റ്‌മോസ് ദൃശ്യ, ശ്രാവ്യ മികവിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ടാണ് ചിത്രം വീണ്ടുമെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തന്‍ റീ റിലീസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ഇത് അയാളുടെ കാലമല്ലേ ഇതിങ്ങനെ തുടരും’ എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. ഒക്ടോബര്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രഞ്ജിത്തിന്റെ സംവിധാന അരങ്ങേറ്റചിത്രം കൂടിയായിരുന്നു രാവണപ്രഭു. രഞ്ജിത്തിന്റെ തന്നെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1993 ല്‍ പുറത്തെത്തി കള്‍ട്ട് സ്റ്റാറ്റസ് നേടിയ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ അയാളുടെ മകനൊപ്പം അവതരിപ്പിക്കുകയായിരുന്നു സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ രഞ്ജിത്ത്. വന്‍ വിജയവുമായിരുന്നു റിലീസ് സമയത്ത് രാവണപ്രഭു. മലയാളത്തില്‍ റീ റിലീസില്‍ വിജയിച്ച പല ചിത്രങ്ങളുടെയും റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് രാവണപ്രഭുവും റീമാസ്റ്റര്‍ ചെയ്തിരിക്കുന്നത്.