സിപിഎമ്മിന് മറുപടിയുമായി പി.വി അൻവർ. എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അൻവർ ആവർത്തിച്ചു. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു.
പാർട്ടി ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കൽ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ട്, എന്ന്പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അൻവർ പ്രതികരിച്ചു. സാധാരണ പാർട്ടിക്കാർക്ക് ഒപ്പമാണ് ഞാൻ. ആർക്കൊപ്പം വേണമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടേ. യഥാർത്ഥ പ്രവർത്തകർക്ക് കാര്യം മനസിലായിട്ടുണ്ട്. അതിന് തൻറെ നെഞ്ചത്ത് കേറിയിട്ട് കാര്യമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.