സഹൃദയരെ സുഖകരമായ ഒരു വായനയിലേക്കു നയിക്കുന്നവയാണ് നാരായണന്‍ രാമന്റെ കഥകള്‍. തെളിഞ്ഞ ഭാഷയുടെ കാവ്യസൗന്ദര്യവും ആവിഷ്‌കരണത്തിന്റെ ലാളിത്യവും അപ്പാടെ ഈ കഥകളിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു നിഷ്‌കന്മഷമനസ്സുകൂടിയാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. അതാവട്ടെ, വായനയ്ക്കിടയില്‍ ഒരിളംതെന്നല്‍പോലെ നമ്മളെ തഴുകിക്കൊണ്ടിരിക്കുകയും ചെയ്യും. ആത്മകഥയുടെ പുറങ്ങള്‍ പോലെയോ ആത്മകഥയോളം അടുത്തുനില്‍ക്കുന്ന അനുഭവങ്ങളോ ആണ് നാരായണേട്ടന്റെ കഥകള്‍. ‘ഉത്തമപുരുഷന്‍’, ‘ഭൂതനാഥവിലാസം കാപ്പിക്ലബ്ബ്’, ‘പാപ്പന്‍’, ‘പിന്‍വിളികളുടെ അര്‍ത്ഥശാസ്ത്രം’, ‘സുഖ്ദേവ്’, ‘ബലി’ എന്നീ കഥകള്‍ ആര്‍ദ്രമാനസരെ നൊമ്പരപ്പെടുത്താതിരിക്കുകയില്ല. ‘പുഴയൊഴുകും വഴി’. ആര്‍. നാരായണന്‍. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.