പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘എമ്പുരാന്‍’ എത്തുമ്പോള്‍ പുതിയൊരു റെക്കോഡ് സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തെത്തിയ എമ്പുരാന്റെ പോസ്റ്റര്‍ ആണിപ്പോള്‍ ചര്‍ച്ചയാകുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. പോസ്റ്ററിനൊപ്പം കഥാപാത്രത്തിന്റെ ടാഗ് ലൈനും ശ്രദ്ധ നേടുന്നുണ്ട്. ‘ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടു… ചെകുത്താന്‍ വളര്‍ത്തി’ എന്നാണ് കഥാപാത്രത്തിന് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വിശേഷണം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം എമ്പുരാന്റെ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാന്‍. മുരളി ഗോപിയുടെതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.