Untitled 1 18

പൃഥ്വിരാജ് നായകനായി എത്തുന്ന ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ തീയേറ്ററുകളിലേക്ക്. ബിജിത് ബാല സംവിധാനം ചെയ്യുന്ന കുടുംബ-ഹാസ്യ ചിത്രമാണിത്. ആന്‍ ശീതള്‍, ഗ്രേസ് ആന്റണിയുമാണ് നായികമാര്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശനിരക്ക് കുത്തനെ കൂട്ടുകയാണ്. കഴിഞ്ഞമാസം 21നും അടിസ്ഥാന പലിശനിരക്ക് 0.75 ശതമാനം കൂട്ടി. അന്നുമുതല്‍ ഇതുവരെ വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ച നിക്ഷേപമാകട്ടെ 27,400 കോടി രൂപയും. 2022ല്‍ ഇതുവരെ ജൂലായിലും ആഗസ്റ്റിലുമൊഴികെ എല്ലാമാസങ്ങളിലും എഫ്.ഐ.ഐ നിക്ഷേപമിടിഞ്ഞു. ഈവര്‍ഷം ഇതുവരെ നഷ്ടപ്പെട്ടത് 1.76 ലക്ഷം കോടി രൂപ. സെപ്തംബര്‍ 21ന് ശേഷം ഇതുവരെ വിദേശ നിക്ഷപനഷ്ടം മൂലം സെന്‍സെക്സ് നേരിട്ട ഇടിവ് 1,500 പോയിന്റാണ്. ഐ.ടി., ഓയില്‍ ആന്‍ഡ് ഗ്യാസ്, ലോഹം, ധനകാര്യം, റിയാല്‍റ്റി, ഊര്‍ജ വിഭാഗങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എഫ്.ഐ.ഐ നിക്ഷേപം കൊഴിഞ്ഞത്. 9,200 കോടി രൂപ കൊഴിഞ്ഞ ഐ.ടി വിഭാഗമാണ് മുന്നില്‍.

കയറ്റുമതിയില്‍ നേട്ടം തുടരുമ്പോഴും വ്യാപാരക്കമ്മി കുത്തനെ കൂടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. സെപ്തംബല്‍ കയറ്റുമതി 4.82 ശതമാനം ഉയര്‍ന്ന് 3,545 കോടി ഡോളറിലെത്തി. ഇറക്കുമതി 8.66 ശതമാനം വര്‍ദ്ധിച്ച് 6,161 കോടി ഡോളറാണ്. ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി കഴിഞ്ഞമാസം 2,571 കോടി ഡോളറായി ഉയര്‍ന്നു. 2021 സെപ്തംബറില്‍ ഇത് 2,247 കോടി ഡോളറായിരുന്നു. എന്‍ജിനിയറിംഗ് ഉത്പന്ന കയറ്റുമതി നഷ്ടം 10.85 ശതമാനമാണ്. റെഡി-മെയ്ഡ് വസ്ത്രങ്ങളുടെ നഷ്ടം 18 ശതമാനം. ജെം ആന്‍ഡ് ജുവലറി, പെട്രോളിയം ഉത്പന്നങ്ങള്‍, ലെതര്‍, ഫാര്‍മ, കെമിക്കല്‍, അരി എന്നിവ കയറ്റുമതി വളര്‍ച്ചനേടി. സെപ്തംബറില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതി 5.38 ശതമാനം കുറഞ്ഞ് 1,590 കോടി ഡോളറായി. 24.62 ശതമാനം താഴ്ന്ന് സ്വര്‍ണ ഇറക്കുമതി 390 കോടി ഡോളറിലുമെത്തി.

വാഹനങ്ങളുടെ സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തി മാര്‍ക്കിടുന്ന ഗ്‌ളോബല്‍ എന്‍.സി.എ.പിയുടെ അഞ്ചില്‍ അഞ്ച് മാര്‍ക്കും സ്വന്തമാക്കി ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോക്സ്വാഗന്‍ ടൈഗൂണും സ്‌കോഡ കുഷാക്കും. ഒരേ പ്‌ളാറ്റ്ഫോമില്‍ ഫോക്സ്വാഗന്‍ ഗ്രൂപ്പ് നിര്‍മ്മിച്ച ഈ രണ്ട് മിഡ്-സൈസ് എസ്.യു.വികളും 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് സ്വന്തമാക്കിയത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷാ സംവിധാനങ്ങളില്‍ 5-സ്റ്റാര്‍ റേറ്റിംഗുകള്‍ സ്വന്തമാക്കുന്ന ആദ്യ മോഡലുകളെന്ന നേട്ടവും ഇവയ്ക്കാണ്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളില്‍ 34ല്‍ 29.64 പോയിന്റും കുട്ടികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ 49ല്‍ 42 പോയിന്റുമാണ് നേടിയാത്. ആഭ്യന്തര വാഹന നിര്‍മ്മാണത്തിന് ഇന്ത്യയ്ക്കായുള്ള ഫോക്സ്വാഗന്‍ ഗ്രൂപ്പിന്റെ എം.ക്യു.ബി-എ0-ഐ.എന്‍ പ്‌ളാറ്റ്ഫോമിലാണ് കുഷാക്കിന്റെയും ടൈഗൂണിന്റെയും നിര്‍മ്മാണം.

സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യദശകങ്ങളിലും ആദര്‍ശനിഷ്ഠയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സോഷ്യലിസ്റ്റ് തട്ടകത്തിന് കാലക്രമേണ സംഭവിച്ച അപഭ്രംശം രാമചന്ദ്രന്‍ എന്ന ആദ്യകാല സോഷ്യലിസ്റ്റ് നേതാവിന്റെ ജീവിതത്തിലൂടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. ജനിച്ച മതത്തിന്റെ- ജാതിയുടെ- കുടുംബത്തിന്റെ- സമ്പത്തിന്റെ പേരില്‍ പിന്നിലേക്ക് വലിക്കപ്പെടുന്ന, ഒറ്റനിമിഷംകൊണ്ട് അതുവരെ ചെയ്തുവന്ന അദ്ധ്വാനവും ത്യാഗവുമെല്ലാം അവമതിക്കപ്പെടുകയും റദ്ദു ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ- രാഷ്ട്രീയേതര സംഘടനകളിലേയും രാമചന്ദ്രന്മാരുടെ കഥകൂടിയാണ്
പുത്രസൂത്രം. ജോണി എം.എല്‍ന്റെ ആദ്യനോവല്‍. ‘പുത്രസൂത്രം’. മാതൃഭൂമി ബുക്‌സ്. വില 184 രൂപ.

കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും. ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കരളിന്റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. ‘പോളിഫെനോള്‍സ്’ എന്ന ആന്റി ഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. പച്ചിലക്കറികള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ചീര പോലുള്ള ഇലക്കറികള്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ഓട്മീല്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കോഫി ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനുകളാണ് ഇതിന് സഹായിക്കുന്നത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.39, പൗണ്ട് – 92.75, യൂറോ – 80.33, സ്വിസ് ഫ്രാങ്ക് – 82.44, ഓസ്ട്രേലിയന്‍ ഡോളര്‍ – 51.44, ബഹറിന്‍ ദിനാര്‍ – 218.61, കുവൈത്ത് ദിനാര്‍ -265.53, ഒമാനി റിയാല്‍ – 214.06, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.65.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *