നെക്സോണ്‍, ടിയാഗോ ഇലക്ട്രിക് മോഡലുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഇവി ലോങ് റേഞ്ചിന്റെ വില 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്. ഇതോടെ എല്‍ആറിന്റെ ബേസ് വേരിയന്റിന്റെ വില 16.99 ലക്ഷം രൂപയായി കുറഞ്ഞു. നെക്സോണ്‍.ഇവി എന്ന റേഞ്ച് കുറഞ്ഞ മോഡലിന്റെ വില ആരംഭിക്കുന്നത് 14.49 ലക്ഷം രൂപയിലാണ്. നെക്സോണിനെ കൂടാതെ ചെറു ഇലക്ട്രിക് കാറായ ടിയാഗോയുടേയും വില 70000 രൂപ വരെ ടാറ്റ കുറച്ചിട്ടുണ്ട്. ഇതോടെ ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില 7.99 ലക്ഷം രൂപയായി. ബാറ്ററിയില്‍ വന്ന വിലക്കുറവാണ് വാഹനങ്ങളുടെ വില കുറയ്ക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ടാറ്റ പറയുന്നത്. അടുത്തിടെ വിപണിയിലെത്തിയ പഞ്ച് ഇവിയില്‍ ഈ ഇളവുകള്‍ തുടക്കത്തില്‍ തന്നെ പ്രാവര്ത്തികമായിരുന്നുവെന്നും ടാറ്റ അറിയിച്ചു. ടാറ്റ മോട്ടേഴ്സിന് പിന്നാലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോറും ഇലക്ട്രിക് വാഹനത്തിന്റെ വില കുറച്ചു. എംജി കോമെറ്റ് മിനിയുടെ വിലയില്‍ ഒരു ലക്ഷം രൂപയുടെ കുറവാണ് കമ്പനി വരുത്തിയത്. നിലവില്‍ ഏഴു ലക്ഷം രൂപയാണ് എംജി കോമെറ്റ് മിനി ഇലക്ട്രിക്കിന്റെ എക്സ് ഷോറൂം വില. തുടക്കത്തില്‍ ഇസഡ്എസ് ഗ്രീന്‍ എസ്യുവിയുടെ വില 22 ലക്ഷമായിരുന്നു. നിലവില്‍ എന്‍ട്രി വേരിയന്റിന് 19 ലക്ഷമാക്കി വില കുറച്ചിട്ടുണ്ട്.