അടുത്ത മാസം വില വര്‍ധനയുടെ മാസമാണ്. ഏപ്രില്‍ ഒന്നാം തീയതി വിഡ്ഢിദിനമാണെന്നാണ് ലോകമെങ്ങും അറിയപ്പെടുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രാബല്യത്തിലാകുന്ന ഈ മാസത്തോടെ കേരളത്തില്‍ ജീവിതച്ചെലവു വര്‍ധിക്കും. ഒരു ശരാശരി കുടുംബത്തിനു മാസം രണ്ടായിരം രൂപയുടെ അധികച്ചെലവ്. വില വര്‍ധന ചുമത്തപ്പെട്ട് ജനങ്ങള്‍ വിഡ്ഢികളാക്കപ്പെടുന്ന ദിവസംതന്നെ.
പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ഒന്നാം തീയതി മുതല്‍ നിലവില്‍ വരും. വൈദ്യുതി നിരക്കില്‍ അഞ്ചു ശതമാനം സെസ്. മദ്യത്തിന് 20 രൂപ മുതല്‍ 40 രൂപവരെ സെസ് ചുമത്തി. ആയിരം രൂപവരെയുള്ള മദ്യത്തിന് 20 രൂപയും ആയിരം രൂപയിലേറെ വിലയുള്ളവയ്ക്ക് 40 രൂപയുമാണു വര്‍ധന.
വെള്ളക്കരം കൂട്ടി. ഒരോ കുടുംബത്തിനും പ്രതിമാസം 50 രൂപ മുതല്‍ 550 രൂപ വരെ അധികമായി നല്‍കേണ്ടിവരും. മിനിമം നിരക്ക് 22 രൂപയില്‍നിന്ന് 72 രൂപയാക്കി. പാല്‍വിലയും കൂട്ടി. കര്‍ഷകര്‍ക്കു ഗുണം കിട്ടുമല്ലോയെന്ന് ആശ്വസിച്ചവര്‍ക്കു തെറ്റി. കാലിത്തീറ്റ വില ആനുപാതികമായി വര്‍ധിപ്പിച്ചു. ബജറ്റിനു മുമ്പേ വൈദ്യുതി നിരക്കു വര്‍ധിപ്പിച്ചിരുന്നു.
മോട്ടോര്‍ വാഹന നികുതി രണ്ടു ശതമാനം വര്‍ധിപ്പിച്ചു. മാരുതിയും ടാറ്റയും അടക്കമുള്ള മിക്ക വാഹന നിര്‍മാതാക്കളും ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വില 20,000 രൂപ മുതല്‍ 50,000 രൂപവരെ വര്‍ധിപ്പിക്കുകയാണ്. ഇതിനു പുറമേയാണു കേരളത്തിലെ നികുതി വര്‍ധന.
ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിപ്പിച്ചു. ഫ്‌ളാറ്റുകളുടെ മുദ്ര വില കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കും. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് അടക്കമുള്ള അപേക്ഷകള്‍ക്കു ഫീസ് കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിച്ചു. കോടതി ഫീസുകളിലും വര്‍ധന. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരക്കു തീരുമാനിച്ചിട്ടില്ല. നാളികേരത്തിന്റ താങ്ങു വില രണ്ടു രൂപ വര്‍ധിപ്പിച്ച് 32 രൂപയില്‍ നിന്ന് 34 ആക്കിയിട്ടുണ്ട്.
കേന്ദ്ര ബജറ്റിലും
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിലൂടേയും ഏതാനും ഇനങ്ങള്‍ക്കു വിലവര്‍ധന. സ്വര്‍ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയ്‌ക്കെല്ലാം ഈ മാസത്തോടെ വില വര്‍ധിക്കും. സിഗരറ്റിന് 16 ശതമാനമാണ് തീരുവ കൂട്ടിയത്. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍ എന്നിവയുടെ വില കുറയും.
ആദായ നികുതി ഒഴിവു പരിധിയിലെ മാറ്റങ്ങള്‍ അനേകം പേര്‍ക്കു ഗുണം ചെയ്യും. ആദായനികുതി വരുമാന പരിധി അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയാക്കി ഉയര്‍ത്തി. പഴയ നികുതി ഘടനയില്‍ മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കു നികുതിയില്ല. നേരത്തെ ഇതു രണ്ടു ലക്ഷം രൂപയായിരുന്നു. പഴയ സ്‌കീമില്‍നിന്ന് എല്ലാവരും പുതിയ സ്‌കീമിലേക്കു മാറണമെന്നു നിര്‍ബന്ധിക്കാന്‍ ശ്രമിക്കുന്ന നിര്‍ദേശങ്ങളാണു ബജറ്റിലുള്ളത്. പക്ഷേ, പുതിയ സ്‌കീമിലേക്കു മാറുന്നവര്‍ക്കു റിബേറ്റുകള്‍ ബാധകമല്ല. ആദായ നികുതി സ്ലാബുകള്‍ അഞ്ചായി കുറച്ചു. മൂന്നു മുതല്‍ ആറുവരെ ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനമാണു നികുതി. ആറു മുതല്‍ ഒമ്പതു വരെ ലക്ഷം വരുമാനക്കാര്‍ക്കു പത്തു ശതമാനം. ഒമ്പതു മുതല്‍ 12 വരെ ലക്ഷത്തിനു 15 ശതമാനവും 12 മുതല്‍ 15 വരെ ലക്ഷത്തിന് 20 ശതമാനവും 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണു ആദായനികുതി. അന്ത്യോദയ ഗുണഭോക്താക്കള്‍ക്കു പിഎം ഗരീബ് കല്യാണ്‍ യോജന ഒരു വര്‍ഷം കൂടി തുടരും. രണ്ടു ലക്ഷം കോടി രൂപ ചെലവിട്ട് 81 കോടി ജനങ്ങള്‍ക്ക് അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം മാസംതോറും നല്‍കുമെന്നാണു ബജറ്റില്‍ പറയുന്നത്.
ലോകമെങ്ങും വിലക്കയറ്റവും നാണ്യപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയുമെല്ലാമാണ്. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ വന്‍കിട ബാങ്കുകള്‍പോലും തകര്‍ന്നു. സാമ്പത്തിക തകര്‍ച്ചയുടെ പ്രത്യാഘാതം ലോകമെങ്ങും വ്യാപിക്കും. ജാഗ്രതയോടെ നേരിടാം.