എല്ലാ പൗരന്മാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യുഗമാറ്റത്തിന്റെ കാലഘട്ടമാണെന്നും, രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കാം. മഹാമാരിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ തുടരാനും, അടുത്ത അഞ്ച് വർഷത്തേക്ക് 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാനും സർക്കാർ തീരുമാനിച്ചതായും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
സമാധാനത്തിനായി വഴിയൊരുക്കണമെന്നും ബുദ്ധന്റെ തത്വങ്ങൾ പ്രസക്തമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ലഭിച്ച അന്തരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് രാഷ്ട്രപതി ആദരമർപ്പിച്ചു.അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചരിത്ര പരമായ ചടങ്ങാണെന്നും , വനിതാ സംവരണ നിയമം ‘ സ്ത്രീ ശാക്തീകരണത്തിന്റെ വിപ്ലവകരമായ മാധ്യമമാണെന്നും പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും നന്ദി അറിയിക്കുന്നുവെന്നും രാഷ്ട്രപതി സന്ദേശത്തിൽ വ്യക്തമാക്കി.